കണ്ണൂർ: ‘കട കാലിയാക്കി കണ്ടംവഴി ഓടുന്നു. നിങ്ങൾ പറയുന്ന റേറ്റ്...’ ഓണനാളുകളിൽ ശ്രീകണ്ഠപുരത്തെ ഒരു തുണിക്കടയുടെ മുന്നിൽ പ്രത്യക്ഷപ്പെട്ട ബാനറിലെ വരികളാണിത്. ആൾക്കാർ കടയിലേക്ക് ഇരച്ചെത്താൻ ഏറെസമയം വേണ്ടിവന്നില്ല. കടക്കാരൻ ബാനറിന്റെ അടിയിൽ ഒരു വാചകംകൂടി എഴുതിവെച്ചിരുന്നു: ‘ഒരുമാതിരി റേറ്റ് പറയരുത്, പ്ലീസ്...’ ഇത്തരത്തിൽ ആകർഷകവും രസകരവുമായ ഓഫറുകളുടെയും വാഗ്ദാനങ്ങളുടെയും മേളമായിരുന്നു ഓണവിപണിയിൽ.

ഓഫർ പെരുമഴ

ഉത്രാടത്തലേന്നുതൊട്ട് ഓഫറുകളുടെ പെരുമഴയായിരുന്നു വിപണിയിൽ. കടകളിലും തെരുവോരവിപണിയിലും കിഴിവോട് കിഴിവ്. അവസാനഘട്ട വിറ്റഴിക്കലിന്റെ ഭാഗമായി കച്ചവടക്കാർ ആകർഷകമായ ഓഫറുകളുമായെത്തി. വസ്ത്രവ്യാപാരരംഗത്തായിരുന്നു ഓഫറുകളേറെ.

കണ്ണൂർ സ്റ്റേഡിയം പരിസരത്ത് ഉത്രാടനാളിൽ തദ്ദേശീയരായ ഒരുസംഘം യുവാക്കൾ റെഡിമെയ്ഡ് ഷർട്ട് വിറ്റഴിച്ചത് നൂറുരൂപയ്ക്ക്. ചൂടപ്പംപോലെയായിരുന്നു വിൽപ്പന. കോയമ്പത്തൂർ, ബെംഗളൂരു തുടങ്ങിയ സ്ഥലങ്ങളിൽനിന്ന് റെഡിമെയ്ഡ് വസ്ത്രങ്ങൾ മൊത്തമായിവാങ്ങി ഓണവിപണിയിൽ വിറ്റഴിക്കുന്നതാണ് ഇവരുടെ രീതി.

പൂക്കളും ഇത്തരത്തിൽ വിൽപ്പനനടത്തിയവരുണ്ട്. ‘ഗുണ്ടൽപേട്ടിൽ സുഹൃത്തുക്കളൊടൊപ്പം സ്വന്തം വണ്ടിയുമായി പോയാണ് പൂ ശേഖരിച്ചത്. വണ്ടിയുടെ ഇന്ധനമുൾപ്പെടെ എല്ലാ ചെലവുകളും കഴിച്ചാലും കച്ചവടം ലാഭം. ചുളുവിൽ ഒരു വിനോദയാത്രയുമാവാം’-കണ്ണൂർ സ്റ്റേഡിയം കോർണറിൽ പൂവിൽക്കുന്ന യുവാക്കളുടെ സംഘത്തിലെ വിജേഷ് പറഞ്ഞു. മൈസൂരു, ഗുണ്ടൽപേട്ട്, ഗൂഡല്ലൂർ തുടങ്ങിയ സ്ഥലങ്ങളിൽനിന്ന് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പൂവിൽപ്പനക്കാരായി എത്തുന്നവരിൽനിന്ന് വാങ്ങി വിൽപ്പനനടത്തിയ നാട്ടുകാരുമുണ്ട്.

ചെരിപ്പ് വിപണിയിലുമുണ്ടായി ഓഫർ പെരുമഴ. കണ്ണൂർ ഹെഡ് പോസ്റ്റ് ഓഫീസ് പരിസരത്ത് ചൊവ്വാഴ്ച സ്ത്രീകൾക്കുള്ള ഷൂ വിറ്റത് 50 രൂപയ്ക്ക്. മഴക്കെടുതിയുണ്ടായ സ്ഥലങ്ങളിലെ കടക്കാരെല്ലാം കട കാലിയാക്കി നവീകരിക്കുന്നതിന്റെ ഭാഗമായി കിട്ടുന്ന വിലയ്ക്ക് സാധനങ്ങൾ വിറ്റഴിക്കുകയായിരുന്നു.

പൂവിൽപ്പന കൂടി

പതിവിന് വിപരീതമായി ഇത്തവണ പൂവിപണി സജീവമായെന്ന് പൂക്കച്ചവടക്കാർ. അയൽസംസ്ഥാനങ്ങളിലെ പൂപ്പാടങ്ങളിൽ നല്ല വിളവ് ലഭിച്ചതാണ് പൂവിപണി സജീവമാവാനുള്ള ഒരു കാരണം. ‘ഓണത്തിന് ഒരുകൊട്ട പൂവ്’ പദ്ധതിപ്രകാരം തദ്ദേശീയ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ പുരുഷ സ്വയംസഹായ സംഘങ്ങളുൾപ്പെടെ ചെണ്ടുമല്ലിക്കൃഷി നടത്തിയതും പൂ ലഭ്യത കൂടാനിടയാക്കി. തിരുവോണത്തലേന്ന് രാത്രി വൈകുവോളം സജീവമായ പൂക്കച്ചവടക്കാർ ബാക്കിവന്ന സാധനങ്ങൾ കിട്ടുന്ന ആദായവിലയ്ക്ക് വിറ്റഴിച്ചു.