മട്ടന്നൂർ: ശിവപുരം ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ്. വൊളന്റിയർമാരുടെ നേതൃത്വത്തിൽ നിർധന കുടുംബത്തിന് വീട് നിർമിക്കുന്നു. നടുവനാട്ടെ മുഹമ്മദ് റാഫിയുടെ കുടുംബത്തിനാണ് കോൺക്രീറ്റ് വീട് നിർമിച്ചുനൽകുന്നത്.

ഭാര്യയും നാലുകുട്ടികളുമുള്ള മുഹമ്മദ് റാഫി ഹൃദ്രോഗത്തിന്‌ ചികിത്സയിൽ കഴിയുന്നതിനാൽ വീട് നിർമാണം മുന്നോട്ടുകൊണ്ടുപോകാൻ കഴിയാത്ത അവസ്ഥയാണ്. പി.എം.ജി.വൈ. പദ്ധതിയിൽ ഉൾപ്പെടുത്തി നിർമാണം തുടങ്ങിയ വീട് പാതിവഴിയിലായിരുന്നു.

വീടുനിർമാണം പൂർത്തിയാകാത്തതിനാൽ സമീപത്ത് ഷെഡ് കെട്ടിയാണ് ആറംഗ കുടുംബം താമസിച്ചിരുന്നത്. നിർധന കുടുംബത്തെക്കുറിച്ചറിഞ്ഞ സഹപാഠികൾ നാഷണൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ പാതിവഴിയിൽക്കിടന്ന വീട് നിർമാണം പൂർത്തീകരിച്ചുനൽകാൻ തീരുമാനിക്കുകയായിരുന്നു.

വിദ്യാർഥികളിൽനിന്നും നാട്ടുകാരിൽനിന്നും സമാഹരിച്ച തുക ഉപയോഗിച്ചാണ് വീടിന്റെ നിർമാണം തുടങ്ങിയത്. വീടിന്റെ കോൺക്രീറ്റ് പ്രവൃത്തിയിൽ തൊഴിലാളികൾക്കൊപ്പം വിദ്യാർഥികളും പങ്കാളികളായി.

എൻ.എസ്.എസ. പ്രോഗ്രാം ഓഫീസർ എസ്.ബി.ഷിനോയ്, വൊളന്റിയർമാരായ ജസ്‌നീർ, റിഷാൽ, മിഥുൽദാസ്, പി.എം.രേവതി, പൂജ രഘുനാഥ്, വി.അഞ്ജു, വി.സ്നേഹ, ഇ.കെ.ഷുഹൈബ് എന്നിവരാണ് കോൺക്രീറ്റ് പ്രവൃത്തിയിൽ പങ്കാളികളായത്.

വീട് നിർമാണത്തിന്‌ അഞ്ചുലക്ഷം രൂപ സമാഹരിക്കുന്നതായും ഡിസംബർ അവസാനത്തോടെ വീട് പൂർത്തിയാക്കി കുടുംബത്തിന്‌ കൈമാറുമെന്നും എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ എസ്.ബി.ഷിനോയും വിദ്യാർഥികളും പറഞ്ഞു.