ധർമടം: ഭരണഘടനാ ധാർമികതയെ പൊതുധാർമികതയ്ക്കുമേൽ നിലനിർത്തുന്നതാണ് ഇന്ത്യൻ റിപ്പബ്ലിക്കിന്റെ സവിശേഷതയെന്ന് കഥാകൃത്ത് എൻ.എസ്.മാധവൻ അഭിപ്രായപ്പെട്ടു. ഗവ. ബ്രണ്ണൻ കോളേജ് മലയാള വിഭാഗവും ബ്രണ്ണൻ മലയാളസമിതിയും ചേർന്ന് സംഘടിപ്പിച്ച ചടങ്ങിൽ റിപ്പബ്ലിക്കും ആചാരങ്ങളും എന്ന വിഷയത്തിൽ എം.എൻ.വിജയൻ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ഒരു സമൂഹത്തിന് ആചാരങ്ങളുണ്ടാവാം, അത് പൊതുധാർമികതയുടെ ഉരകല്ലാണ്. ഭരണഘടന ധാർമികതയുടെ വിഷയമല്ല. ഭരണഘടനയുമായി ഉരച്ചുനോക്കുമ്പോൾ അതിന് അനുകൂലമാവണം ആചാരങ്ങൾ. ഭരണഘടനാപരിരക്ഷ എല്ലാവർക്കും ലഭ്യമാകണം. മതഗ്രന്ഥങ്ങൾ എന്തുപറഞ്ഞാലും അത് ഭരണഘടനയുടെ പരീക്ഷ പാസാകുന്നില്ല -അദ്ദേഹം പറഞ്ഞു. മലയാളവിഭാഗം അധ്യാപികയായ ഡോ. സിനുമോൾ തോമസ് എഴുതിയ ‘തായ് വേരുകളുടെ ശബ്ദങ്ങൾ’ എന്ന പുസ്തകം എൻ.എസ്.മാധവൻ പ്രൊഫ. കെ.പി.നരേന്ദ്രന് നൽകി പ്രകാശനം ചെയ്തു. ഡോ. എൻ.ലിജി പുസ്തകപരിചയം നടത്തി.

മലയാളം ബിരുദ, ബിരുദാനന്തര വിഭാഗങ്ങളിൽ ഏറ്റവും കൂടുതൽ മാർക്ക് നേടിയ അമൃത വിശ്വനാഥ്, കെ.കെ.തുഷാര എന്നീ വിദ്യാർഥിനികൾക്കുള്ള എം.എൻ.വിജയൻ സ്മാരക എൻഡോവ്മെൻറുകൾ എൻ.എസ്.മാധവൻ സമ്മാനിച്ചു. പ്രിൻസിപ്പൽ പ്രൊഫ. ഫൽഗുനൻ അധ്യക്ഷതവഹിച്ചു. വൈസ് പ്രിൻസിപ്പൽ പ്രൊഫ. എം.ചന്ദ്രഭാനു, മലയാള വിഭാഗം മേധാവി ഡോ. ജിസ ജോസ്, ഡോ. സിനുമോൾ തോമസ്, പി.അമൽരാജ് എന്നിവർ സംസാരിച്ചു.