ഇരിട്ടി: നഗരത്തിൽ വർധിച്ചുവരുന്ന സമൂഹവിരുദ്ധ പ്രവർത്തനങ്ങളും മോഷണവും തടയാൻ വ്യാപാരികളുടെ നേതൃത്വത്തിൽ ഇരിട്ടി പോലീസിന്റെ സഹായത്തോടെ രാത്രികാല പരിശോധനയ്ക്ക് സുരക്ഷാജീവനക്കാരെ നിയമിച്ചു. ഇരിട്ടി പാലംമുതൽ പയഞ്ചേരിവരെയും നേരമ്പോക്ക്‌ റോഡും സുരക്ഷിതമാക്കുന്നതിനാണ് സുരക്ഷാസംവിധാനം.

സെക്യൂരിറ്റി സംവിധാനവും വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോകാൻ നടത്തിയ ശ്രമത്തിൽ പ്രതികളെ പിടിച്ച പോലീസിന്‌ വ്യാപാരികളുടെ നേതൃത്വത്തിൽ പോലീസ് ഉദ്യോഗസ്ഥർക്കുള്ള അനുമോദനച്ചടങ്ങിന്റെ ഉദ്ഘാടനവും സണ്ണി ജോസഫ്‌ എം.എൽ.എ. നിർവഹിച്ചു. നഗരസഭാ ചെയർമാൻ പി.പി.അശോകൻ അധ്യക്ഷതവഹിച്ചു.

ഇരിട്ടി ഡിവൈ.എസ്.പി. സജേഷ് വാഴവളപ്പിൽ, ഇൻസ്പെക്ടർ എ.കുട്ടിക്കൃഷ്ണൻ, എസ്.ഐ. ദിനേശ് കൊതേരി തുടങ്ങി അന്വേഷണസംഘത്തിലുള്ള പോലീസ് ഉദ്യോഗസ്ഥരെ ആദരിച്ചു. കേരള സംഗീത നാടക അക്കാദമി ഗുരുപൂജ അവാർഡ് നേടിയ ഡി.വിജയകുമാറിന് ഉപഹാരം നൽകി.

ജില്ലാ പഞ്ചായത്തംഗം തോമസ് വർഗീസ്, ഇരിട്ടി സി.ഐ. എ.കുട്ടിക്കൃഷ്ണൻ, റെജി തോമസ്, അലി ഹാജി, അബ്ദുൾസലാം ഹാജി, കെ.മുരളീധരൻ, പി.അശോകൻ, കെ.പ്രകാശൻ, വി.പി.റഷീദ്, പി.വി.ചന്ദ്രൻ, അബ്ദുറഹ്‌മാൻ തുടങ്ങിയവർ സംസാരിച്ചു.

വേതനം പ്രത്യേകം സമാഹരിക്കും

രാത്രി 10 മണിമുതൽ പുലർച്ചെ അഞ്ചുവരെ ഇവർ നഗരത്തിന് സുരക്ഷയൊരുക്കും. ആഴ്ചയിൽ മൂന്നുദിവസം നാലുപേരും നാലുദിവസം മൂന്നുപേരും എന്ന നിലയിലാണ് ഇവരുടെ സേവനം ഉപയോഗപ്പെടുത്തുക.

പോലീസ്‌ സ്റ്റേഷനിൽ റിപ്പോർട്ടുചെയ്തുവേണം ജോലിയിൽ പ്രവേശിക്കാൻ. യൂണിഫോമും ലാത്തിയും ടോർച്ചും അലാറസംവിധനവും ഇവർക്ക് നൽകും. എല്ലാ സംഭവങ്ങളും പോലീസ് സ്റ്റേഷനിൽ അറിയിക്കണം. സുരക്ഷാജീവനക്കാർക്കുള്ള വേതനം വ്യാപാരികളിൽനിന്ന്‌ പ്രതിമാസം നിശ്ചിത തുക എന്ന നിലയിൽ സമാഹരിച്ചാണ് നൽകുക.