പയ്യന്നൂർ: കാർഗിൽവിജയദിനത്തിന്റെ ഭാഗമായി ഏഴിമല നാവിക അക്കാദമിയിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. അക്കാദമിയിലെ യുദ്ധസ്മാരകത്തിൽ നാവിക അക്കാദമി കമാൻഡന്റ് വൈസ് അഡ്മിറൽ ദിനേശ് കെ. ത്രിപാഠി ആദരാഞ്ജലികളർപ്പിച്ചു.

പയ്യന്നൂർ റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്ന് നാവിക അക്കാദമിയിലേക്ക് വാക്കത്തോൺ നടത്തി. അക്കാദമി ജീവനക്കാരും സൈനികരും ജനങ്ങളും പങ്കെടുത്തു. ശനിയാഴ്ച നാവിക അക്കാദമി ജനങ്ങൾക്കായി തുറന്നുകൊടുക്കും. ഞായറാഴ്ച വൈകീട്ട് അഞ്ചിന് അക്കാദമി ബാൻഡിന്റെ പ്രദർശനം നടക്കും. കണ്ണൂർ സൈക്ലിങ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഞായറാഴ്ച കണ്ണൂരിൽനിന്ന് നാവിക അക്കാദമിയിലേക്ക് സൈക്കിൾ റാലിയും നടത്തും.