കണ്ണൂര്‍: കണ്ണൂര്‍ നഗരത്തിലേക്ക് പോകേണ്ടത് ആലോചിക്കുമ്പോള്‍ത്തന്നെ വലിയ വിഷമത്തിലായിരുന്നു കുറേ ദിവസങ്ങളിലായി ജനം. ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് ടാറിങ് നടക്കുന്നതിനാല്‍ രൂപപ്പെടുന്ന ഗതാഗതക്കുരുക്കായിരുന്നു കാരണം. കുറച്ചുകാലം ബുദ്ധിമുട്ടിയാലും ഭാവിയില്‍ നല്ല യാത്രാസൗകര്യമുണ്ടാവുമെന്നോര്‍ത്ത് എല്ലാം സഹിച്ചു. 

താണ മുതല്‍ താഴെചൊവ്വ വരെയുള്ള ഭാഗത്ത് ബുധനാഴ്ച രാവിലെ ടാറിങ് പ്രവൃത്തികള്‍ പൂര്‍ത്തിയാക്കി റോഡ് ഗതാഗതത്തിനായി തുറന്ന് കൊടുത്തതോടെ വലിയ ആശ്വാസത്തിലായിരുന്നു ജനം. എന്നാല്‍ മണിക്കൂറുകള്‍ പിന്നിട്ടതോടെ പുതിയ റോഡ് വെട്ടിപ്പൊളിക്കുന്ന കാഴ്ച കണ്ട് ജനം തലയില്‍കൈവെച്ചുപോയി. ബുധനാഴ്ച രാത്രിയോടെ ചൊവ്വ ധര്‍മസമാജം സ്‌കൂളിന്റെ എതിര്‍വശത്തായാണ് റോഡരിക് വെട്ടിപ്പൊളിക്കാന്‍ തുടങ്ങി.

ഓവുചാലും നടപ്പാതയും നിര്‍മിക്കുന്നതിനാണ് റോഡ് പൊളിക്കുന്നതെന്ന് തൊഴിലാളികള്‍ പറഞ്ഞു. മുന്‍പേ തുടങ്ങിയ നിര്‍മാണം കോള്‍ഡ് മില്ലിങ് പ്രവൃത്തികള്‍ ആരംഭിച്ചതോടെ നിര്‍ത്തിവയ്ക്കാന്‍ അധികൃതര്‍ പറയുകയായിരുന്നത്രേ. ഓടയുടെ പണി ടാറിങിനു മുമ്പേ പൂര്‍ത്തിയാക്കാമായിരുന്നില്ലേ എന്നാണ് ജനം ചോദിക്കുന്നത്.

കോള്‍ഡ് മില്ലിങ്ങിനുശേഷമുള്ള അവസാനവട്ട ടാറിങ് പ്രവൃത്തികള്‍ പൂര്‍ത്തിയായതോടെ താഴെചൊവ്വമുതല്‍ കാല്‍ടെക്സ് വരെയുള്ള ഗതാഗതനിയന്ത്രണം പിന്‍വലിച്ചത്. നേരത്തെയുള്ള റോഡിനെ 7.5 സെ.മീ. ആഴത്തില്‍ കിളച്ചെടുത്ത് ജര്‍മന്‍ നിര്‍മിത യന്ത്രത്തിന്റെ സഹായത്തോടെ തണുപ്പിച്ച് അതേ റോഡില്‍ തന്നെ ഉറപ്പിക്കുന്ന പ്രക്രിയയാണ് കോള്‍ഡ് മില്ലിങ്ങിലൂടെ നടത്തിയത്. ഇതിനുമുകളില്‍ നാല് സെ.മീ. കനത്തിലാണ് ബിറ്റുമെന്‍ ടാറിങ് നടത്തിയത്.

Content Highlights: National highway in kannur