നടുവിൽ: പാടെ തകർന്ന കരുവഞ്ചാൽ-വെള്ളാട് റോഡിൽ യാത്രക്കാർ വലയുന്നു. കഴിഞ്ഞദിവസം കനത്ത മഴ പെയ്തതോടെ കുഴികൾ വലുതായി വാഹനങ്ങൾക്ക് കടന്നുപോകാൻ പറ്റാത്ത സ്ഥിതിയിലായിരിക്കുകയാണ്. കരുവഞ്ചാലിൽനിന്ന്‌ കണിയഞ്ചാലിലേക്കുള്ള ഭാഗത്ത് കുഴികൾ നിറഞ്ഞു. പള്ളിക്കവലയിലും ഇതേ സ്ഥിതിയാണ്. കുഴികൾ നിറഞ്ഞതിനെത്തുടർന്ന് റോഡിനു വെളിയിലൂടെയാണ് വാഹനങ്ങൾ കടന്നുപോകുന്നത്. അതും തകർന്ന നിലയിലായി. ഓട്ടോറിക്ഷകളെ ആശ്രയിച്ചാണ് പ്രദേശത്തെ ആളുകൾ യാത്രചെയ്യുന്നത്. ഒരാഴ്ചമുമ്പ് അധികൃതർ പാറപ്പൊടിയും മറ്റുമിട്ടെങ്കിലും വെള്ളം ഒഴുകിപ്പോകാനിടയില്ലാത്തതിനാൽ കുഴികൾ പഴയപടിയിലാവുകയാണുണ്ടായത്.