പന്തക്കൽ: തലശ്ശേരി-മാഹി ബൈപ്പാസ് പാതയിൽ മണ്ണ് നിറയ്ക്കേണ്ട ഭാഗങ്ങളിൽ മണ്ണിടുന്ന പ്രവൃത്തി ദ്രുതഗതിയിൽ പുരോഗമിക്കുന്നു. നിത്യേന പുലർച്ചെ 5 മണിയോടെ 40ൽ പരം ടോറസ് ലോറികൾ മണ്ണുമായി പാതയിലേക്ക് എത്തുകയാണ്.

ചെണ്ടയാട്, ചെറുവാഞ്ചേരി, വലിയവെളിച്ചം പ്രദേശങ്ങളിലെ ക്വാറികളിൽനിന്നാണ് മണ്ണ് കൊണ്ടുവരുന്നത്. മഴക്കാലം നീണ്ടു നിന്നതിനാൽ മണ്ണിടൽ കഴിഞ്ഞ ജൂലായ് മാസത്തിൽ നിർത്തിവെച്ച പ്രവൃത്തി നവംബർ പകുതിയോടെയാണ് പുനരാരംഭിച്ചത്.

അരികുഭിത്തി കെട്ടലും നടക്കുണ്ട്. ഇതിനിടെ ഈസ്റ്റ് പള്ളൂർ, കൊളശ്ശേരി, ബാലം എന്നിവിടങ്ങളിൽ ആദ്യഘട്ടമായി മെക്കാഡം ടാറിങ്ങും നടത്തി പ്രവൃത്തിയുമായി ബന്ധപ്പെട്ട് വരുന്ന വാഹനങ്ങൾക്ക് സുഖമമായി കടന്നുവരാനാണ് ടാറിങ്‌ ചെയ്തത്.

പുഴകൾക്ക് കുറുകെയുള്ള നാല് പാലങ്ങളുടെ നിർമ്മാണവും നടക്കുന്നു. പാലത്തിനാവശ്യമായ കൂറ്റൻ സ്ലാബുകൾ പണിതു വരുകയാണ്.

മുഴപ്പിലങ്ങാട് മുതൽ അഴിയൂർ എക്സൈസ് ചെക്ക് പോസ്റ്റ് വരെ 18.6 കിലോമീറ്റർ ദൂരത്തിൽ 45 മീറ്റർ വീതിയിൽ നാലുവരിപാതയാണ് പുതിയ മാഹി ബൈപ്പാസ് .1181 കോടി രൂപയാണ് പദ്ധതിയുടെ മതിപ്പ് ചെലവ് കണക്കാക്കിയിട്ടുള്ളത്. പെരുമ്പാ വൂരിലെ ഇ.കെ.കെ.ഇൻഫ്രാസ്ട്രച്ചറൽ പബ്ലിക്ക് ലിമിറ്റഡ് കമ്പനിക്കാണ് നിർമ്മാണ ചുമതല.

content highlights; muzhappilangad to mahi bypass work in progress