മുണ്ടേരി: മുണ്ടേരി കുടുംബാരോഗ്യകേന്ദ്രത്തിൽ ഡോക്ടർമാരുടെ എണ്ണം വർധിപ്പിക്കണമെന്ന ആവശ്യം ശക്തമായി. പി.എച്ച്.സി.യെ കുടുംബാരോഗ്യകേന്ദ്രമായി ഉയർത്തിയതോടെ ആദ്യഘട്ടത്തിൽ മൂന്ന് ഡോക്ടർമാരുടെ സേവനം ലഭിച്ചിരുന്നു. എന്നാലിപ്പോൾ ഒരു ഡോക്ടർ മാത്രമാണുള്ളത്.

നേരത്തേ രാവിലെ ഒൻപതുമുതൽ വൈകീട്ട്‌ ആറുവരെ മൂന്ന് ഡോക്ടർമാരുടെ സേവനം ലഭിച്ചിരുന്നു. ജനങ്ങൾക്ക് ഇത് വലിയ ആശ്വാസമായിരുന്നു. മുന്നൂറോളംപേർ ദിവസവും ചികിത്സതേടി എത്താറുണ്ടായിരുന്നു.

എന്നാൽ, ഈ അടുത്തദിവസങ്ങളിലായി ഒരു ഡോക്ടർ മാത്രമാണ് ഉണ്ടാകാറുള്ളത്. ഇത് ജനങ്ങൾക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. കാലവർഷം തുടങ്ങിയതോടെ പിഞ്ചുകുഞ്ഞുങ്ങളടക്കമുള്ള രോഗികൾക്ക് ഏറെസമയം കാത്തിരിക്കേണ്ടിവരുന്നു. ഇതുകാരണം പലരും സ്വകാര്യ ആസ്പത്രികളെയാണ് ആശ്രയിക്കുന്നത്.

എന്നാൽ, ഇത് ഒരു താത്‌കാലിക പ്രതിസന്ധി മാത്രമാണെന്നും പഞ്ചായത്തിന്റെ ഭാഗത്തുനിന്ന്‌ വേണ്ട നടപടികൾ കൈക്കൊള്ളുന്നുണ്ടെന്നും മുണ്ടേരി പഞ്ചായത്ത് പ്രസിഡന്റ് എ.പങ്കജാക്ഷൻ പറഞ്ഞു.