തലശ്ശേരി: നിയമലംഘനം നടത്തിയ 20 അന്തസ്സംസ്ഥാന സ്വകാര്യ ബസ്സുകൾക്കെതിരെ മോട്ടോർവാഹനവകുപ്പ് എൻഫോഴ്‌സ്‌മെന്റ് വിഭാഗം നടപടിയെടുത്തു. വിദ്യാർഥികളെ പുറപ്പെടാൻ നേരത്തുമാത്രം കയറ്റിയ സ്വകാര്യ ബസ്സുകൾക്കെതിരെയും നടപടിയുണ്ടായി. ചരക്കുകയറ്റൽ, അമിത ചാർജ് ഈടാക്കൽ എന്നിവയുടെ പേരിലാണ് അന്തസ്സംസ്ഥാന ബസ്സുകളിൽ മിക്കതിനും നടപടിയുണ്ടായത്. ലൈസൻസില്ലാതെ ബസ് ഓടിച്ചയാളുടെ പേരിലും നടപടിയുണ്ടായി.

കൂത്തുപറമ്പിൽ പരിശോധനയ്ക്കിടെയാണ് ബെംഗളൂരുവിലേക്കുള്ള ബസ് ഓടിക്കുന്നയാൾക്ക് ലൈസൻസില്ലാത്തത് കണ്ടെത്തിയത്. ഇയാളിൽനിന്ന് 10,000 രൂപ പിഴയീടാക്കി. പകരം ഡ്രൈവർ എത്തിയ ശേഷം ഈ ബസ്സിന്റെ യാത്ര തുടരാൻ അനുവദിച്ചു. നടപടി നേരിട്ടവയെല്ലാം ബെംഗളൂരുവിലേക്കുള്ള ബസ്സുകളായിരുന്നു. ഓരോ ബസ്സിനും 7500 രൂപ വീതം ആകെ 1.50 ലക്ഷം രൂപ പിഴയീടാക്കി.

ചൊവ്വാഴ്ച മുതൽ വെള്ളിയാഴ്ച വരെ രാത്രിയിലായിരുന്നു പരിശോധന. അന്തസ്സംസ്ഥാന സ്വകാര്യ ബസ്സുകൾക്കെതിരെയുള്ള പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. സാധാരണ റൂട്ട് ബസ്സുകളിൽ ടിക്കറ്റ് നൽകി ആളുകളെ കയറ്റുന്നതുപോലെ പണം ഈടാക്കി വഴിയിൽ നിന്ന് കയറ്റുന്നതായുള്ള പരാതിയുണ്ട്. ഇത് പെർമിറ്റിന്റെ ലംഘനമാണ്. തിരിച്ചറിയൽ രേഖകളോ വിവരങ്ങളോ ഇല്ലാതെ വഴിയിൽനിന്ന് യാത്രക്കാരെ കയറ്റുന്നതും തെറ്റാണ്. അവധിദിനങ്ങളിൽ ചാർജ് കൂട്ടുന്നുവെന്നും പരാതി ഉയരാറുണ്ട്.

കണ്ടക്ടർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു

തളിപ്പറമ്പിലും പയ്യന്നൂരിലുമായിരുന്നു വിദ്യാർഥികളോടുള്ള അവഗണനയുടെ പേരിൽ മോട്ടോർ വാഹനവകുപ്പിന്റെ നടപടി. രണ്ടിടത്തുമായി മൂന്ന് കണ്ടക്ടർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു. കളക്ടറുടെ നിർദേശപ്രകാരമായിരുന്നു പ്രത്യേക പരിശോധന. പൊരിവെയിലത്തും മഴയത്തും ഏറെനേരം നിർത്തിയശേഷം പുറപ്പെടാൻ മണിയടിക്കുമ്പോൾ മാത്രമാണ്‌ വിദ്യാർഥികളെ സ്വകാര്യ ബസ്സിൽ കയറ്റുക. മിക്ക ബസ് സ്റ്റാൻഡുകളിലുമുള്ള സ്ഥിരം കാഴ്ചയാണിത്. ബസ്സുകളിൽ കയറിയാൽ സീറ്റൊഴിവുണ്ടായാലും ഇരിക്കാൻ അനുവദിക്കാത്ത ബസ്സുകളുമുണ്ട്. ഇതേച്ചൊല്ലി വിദ്യാർഥികളും ബസ് ജീവനക്കാരും തമ്മിൽ വാക്കേറ്റവുമുണ്ടാകാറുണ്ട്. വിദ്യാർഥികൾക്കുനേരേ അതിക്രമവുമുണ്ടായിട്ടുണ്ട്. വിദ്യാർഥികളെ കയറ്റാതെ പുറത്തുനിർത്തുകയും മോശമായി പെരുമാറുകയും ചെയ്യുന്നുവെന്ന പരാതിയെത്തുടർന്നായിരുന്നു കളക്ടറുടെ നിർദേശം.

content highlights; motor vehicle department take action against 20 interstate private bus