കണ്ണൂർ: ഈഡിസ് അടക്കമുള്ള കൊതുകിന്റെ കൂത്താടികളെ നശിപ്പിക്കാൻ കോർപ്പറേഷനിൽ ആരോഗ്യവിഭാഗത്തിന്റെ 50 അംഗ സംഘം. ദേശീയ പ്രാണിജന്യരോഗ നിയന്ത്രണപരിപാടിയുടെ ഭാഗമായാണ് ദിവസവേതനാടിസ്ഥാനത്തിൽ ഇവരെ നിയമിച്ചത്. 35 സ്ത്രീകളും 15 പുരുഷൻമാരും സംഘത്തിലുണ്ട്. കോർപ്പറേഷനിലെ വീടുകളിലും സ്ഥാപനങ്ങളിലുമാണ് ഇവർ കൂത്താടിനശീകരണവും ബോധവത്കരണവും നടത്തുന്നത്.

ടയർ, ചിരട്ട, പാത്രങ്ങൾ, ചെടിച്ചട്ടികൾ, ടാങ്കുകൾ, ടാർപ്പോളിൻ തുടങ്ങിയ പതിവു കൂത്താടി സ്ഥലങ്ങളാണ്. ഇതിനുപുറമേ ഫ്രിഡ്ജിന്റെ പിറകിലെ ട്രേ മുതൽ ചെടികളുടെ ഇലകൾക്കിടയിൽവരെ കൊതുകുകളുണ്ടെന്ന് പരിശോധനയിൽ വ്യക്തമായി. ഇവ നശിപ്പിച്ചതിന്റെ കണക്ക് രേഖപ്പെടുത്തിയ സർവേ റിപ്പോർട്ട് ആരോഗ്യവകുപ്പിന് കൈമാറും. ഒന്നരമാസമാണ് ഇവരുടെ ജോലി കാലാവധിയെങ്കിലും ഒന്നരമാസം കൂടി നീട്ടിനൽകും.

ഇത്തരമൊരു സംഘം പ്രവർത്തിക്കുന്നത് ജനത്തിനു വേണ്ടത്ര അറിവില്ല. ഇതിന് കോർപ്പറേഷൻ കൗൺസിലർമാർ മുൻകൈ എടുക്കണമെന്നാണ് അധികൃതർ പറയുന്നത്. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. നാരായണ നായ്ക്, ഡോ. ഷാജ്, ഡോ. കെ.വി.ലതീഷ്, മലേറിയ ഓഫീസർ വി.സുരേശൻ എന്നിവരാണ് നേതൃത്വം നൽകുന്നത്.

ഈഡിസ് കൊതുകകളുടെ ഉറവിടം നിരീക്ഷണത്തിൽ

ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് കൊതുകുകൾ മുട്ടയിട്ടു പെരുകുന്ന ശുദ്ധജലം ഇവർ പ്രത്യേകം നിരീക്ഷിക്കും. ഡെങ്കിപ്പനി പടരാനുള്ള സാധ്യതയെത്തുടർന്നാണ് ആരോഗ്യവകുപ്പിന്റെ ഈ നടപടി. ഈഡിസ് കൂത്താടികളുടെ ഉറവിടവും എണ്ണവും നശിപ്പിച്ചതും പ്രത്യേകം രേഖപ്പെടുത്തുന്നുമുണ്ട്.