ശ്രീകണ്ഠപുരം: മോദി സർക്കാർ രാജ്യത്തെ കോർപ്പറേറ്റ് അജണ്ട നടപ്പിലാക്കി കാർഷിക മേഖലയെ തകർക്കുകയാണെന്ന് കെ.എസ്.കെ.ടി.യു. സംസ്ഥാന ജനറൽ സെക്രട്ടറി എൻ.ആർ. ബാലൻ പറഞ്ഞു. കർഷക തൊഴിലാളി യൂണിയൻ അഖിലേന്ത്യ സമ്മേളനത്തിന്റെ ഭാഗമായി ശ്രീകണ്ഠപുരത്ത് ’കാർഷിക പ്രതിസന്ധികളും കർഷക തൊഴിലാളികളും’ എന്ന വിഷയത്തിൽ നടത്തിയ സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അഞ്ചു വർഷത്തിനുള്ളിൽ കർഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കാതിരിക്കുകയാണ് സർക്കാർ. ഇതോടെ ഇന്ത്യയിലെ കർഷകർക്ക് അവരുടെ വിത്ത് കുത്തി കഞ്ഞി കുടിക്കേണ്ടുന്ന സ്ഥിതിയായി. കഴിഞ്ഞ ഒന്നര വർഷത്തിനിടയിൽ നാലു തവണയാണ് രാജ്യത്തൊട്ടാകെയുള്ള കർഷകർ കേന്ദ്ര സർക്കാരിനെതിരെ പ്രതിഷേധവുമായി നീങ്ങിയതെന്നും സർക്കാരിന്റെ അജൻഡയിൽ ഏറ്റവും അവസാനത്തേതാണ്‌ കാർഷികമേഖലയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സി.പി.എം. ഏരിയ സെക്രട്ടറി എം. വേലായുധൻ അധ്യക്ഷത വഹിച്ചു. സി.ബി .ദേവദർശൻ, പി.വി. ഗോപിനാഥ്, വി. നാരായണൻ, വി. ഭാസ്കരൻ, കെ.ടി.അനിൽകുമാർ എന്നിവർ സംസാരിച്ചു.

Content Highlights; Modi government destroys agriculture sector - NR Balan