കണ്ണൂർ: പ്രമുഖ ചിത്രകാരൻ ഹരീന്ദ്രൻ ചാലാടിന്റെ കത്തിനശിച്ച ആർട്ട് സ്റ്റുഡിയോ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി സന്ദർശിച്ചു. ശനിയാഴ്ച വൈകീട്ടാണ് കണ്ണൂർ സിറ്റി സെന്ററിന് സമീപം പ്രവർത്തിക്കുന്ന വാടകക്കെട്ടിടം മന്ത്രി സന്ദർശിച്ചത്. ലളിതകലാ അക്കാദമി വൈസ് ചെയർമാൻ എബി എൻ. ജോസഫും മന്ത്രിയോടൊപ്പമുണ്ടായിരുന്നു. അമൂല്യമായ 60 ചിത്രങ്ങൾ കത്തിനശിച്ച സാഹചര്യത്തിൽ സാമ്പത്തികസഹായം അനുവദിക്കുന്ന കാര്യം അനുഭാവപൂർവം പരിഗണിക്കാമെന്ന് മന്ത്രി ഉറപ്പുനല്കി.

സഹായം അഭ്യർഥിച്ച് ഹരീന്ദ്രൻ മുഖ്യമന്ത്രിക്കും നിവേദനം നല്കിയിട്ടുണ്ട്. സ്റ്റുഡിയോ കത്തിനശിച്ചതുമായി ബന്ധപ്പെട്ട് ‘മാതൃഭൂമി’ കാഴ്ച പേജിൽ പ്രസിദ്ധീകരിച്ച വാർത്തയുടെ പകർപ്പ് അടക്കംചെയ്താണ് നിവേദനം നല്കിയത്.