കണ്ണൂർ: തയ്യിൽ ശാന്തിമൈതാനത്തിലെ കോർപ്പറേഷൻ അധീനതയിലുള്ള ഉപയോഗശൂന്യമായ ശൗചാലയം പൊളിച്ചുതുടങ്ങി. പുരുഷന്മാരുടെ ശൗചാലയങ്ങളാണ് പൊളിച്ചു‌മാറ്റുന്നത്. പുതിയത് നിർമിക്കുകയാണ് ഉദ്ദേശ്യം.

എന്നാൽ സ്ത്രീകളുടെ ശൗചാലയത്തിന്റെ സ്ഥിതി ദയനീയമാണ്. ആറുമാസം മുൻപ് അറ്റകുറ്റപ്പണി നടത്തിയ ഈ പൊതുശൗചാലയം ഉപയോഗിക്കാൻപറ്റാത്ത സ്ഥിതിയിലാണ്. ഇവിടെനിന്ന് മലിനജലം പുറത്തേക്ക് ഒഴുകുകയാണ്. സെപ്റ്റിക് ടാങ്ക് നിറഞ്ഞിരിക്കുകയാണ്. വെള്ളവും വൈദ്യുതിയും ഇല്ലാത്തതും ബുദ്ധിമുട്ടുകൾ ഇരട്ടിയാക്കുന്നു. വെള്ളത്തിനായി ടാങ്കും പൈപ്പും ഉണ്ടെങ്കിലും വെള്ളം നിറയ്ക്കാൻ സംവിധാനമില്ല.

വെളിച്ചമില്ലാത്തതുകാരണം രാത്രിയിൽ ഇങ്ങോട്ട് വരാൻകഴിയാത്ത അവസ്ഥയുമാണ്. മലിനജലം നിയന്ത്രിക്കാൻ സിമന്റുചെയ്ത് ലീക്കടയ്ക്കാനാണ് ഇപ്പോൾ ശ്രമം നടത്തുന്നത്. പകരം ടാങ്ക് വൃത്തിയാക്കുകയാണ് വേണ്ടതെന്ന് പരിസരവാസികൾ പറയുന്നു.

30 വർഷം മുൻപാണ് ഇവിടെ 25 കക്കൂസുകൾ നിർമിച്ചത്. ഉപയോഗശൂന്യമായതിനെ തുടർന്ന് പത്തുവർഷം മുൻപ് അറ്റകുറ്റപ്പണിക്കായി അടച്ചിട്ടു. ആറുമാസം മുൻപ് പേരിന് അറ്റകുറ്റപ്പണി നടത്തി. സ്ത്രീകളുടെ ശൗചാലയങ്ങൾ തുറന്നെങ്കിലും ഉപയോഗിക്കാൻ പറ്റുന്നില്ല. പുരുഷന്മാരുടെത് പൊളിച്ചുനീക്കി പുതിയവ നിർമിക്കാനാണ് തീരുമാനം. ഇതിനായി ശുചിത്വമിഷൻ ഫണ്ടിൽനിന്ന് 14 ലക്ഷം ചെലവിടും.

സമ്പൂർണ വെളിയിട വിസർജനമുക്ത ജില്ലയായ കണ്ണൂരിലാണ് ഈ അവസ്ഥ. നാല്പതോളം വീട്ടുകാരാണ് ഇന്നും പ്രാഥമിക ആവശ്യങ്ങൾക്ക് സൗകര്യമില്ലാതെ കഷ്ടപ്പെടുന്നത്. പത്രമാധ്യമങ്ങളിലടക്കം വാർത്തയായതിനെ തുടർന്നും പരാതികളെ തുടർന്നും പത്തു ദിവസത്തിനകം നടപടിയെടുക്കുമെന്ന് കളക്ടർ പ്രഖ്യാപിച്ചിട്ടും നാളേറെയായി.

ഇവിടെയുള്ള പൊതുശൗചാലയം അറ്റകുറ്റപ്പണി നടത്തി ഉപയോഗപ്രദമാക്കാനായിരുന്നു തീരുമാനം. എന്നാൽ സ്ത്രീകൾക്കായുള്ള ശൗചാലയത്തിന്റെ വാതിലുകൾ സ്ഥാപിക്കുകയും സെപ്റ്റിക് ടാങ്കിന് സ്ലാബിടുകയും മാത്രമാണ് ചെയ്തത്. കക്കൂസുകൾ ഉപയോഗിക്കണമെങ്കിൽ ദൂരെനിന്ന് വെള്ളം ചുമന്നുകൊണ്ടുവരണം. വർഷങ്ങളായി തുടരുന്ന സ്ത്രീകളും കുട്ടികളുമടക്കമുള്ള കുടുംബങ്ങളുടെ കഷ്ടപ്പാടുകൾ പറഞ്ഞറിയിക്കാൻ കഴിയാത്തതാണ്.

Content Highlight: men bathrooms removed