മയ്യിൽ: റോഡരികിലെ വൈദ്യുതത്തൂണുകൾ മാറ്റാത്തത് മയ്യിൽ- കാഞ്ഞിരോട് റോഡ് നവീകരണ പ്രവൃത്തിക്ക് തടസ്സമാകുന്നു. കാഞ്ഞിരോട് വരെയുള്ള പത്തുകിലോമീറ്റർ റോഡ് പത്ത് മീറ്ററാക്കി വീതി കൂട്ടി മെക്കാഡം ടാറിങ് നടത്തുന്നതിനാണ് പദ്ധതി.

ഒരു വർഷം മുൻപ്‌ ഇരിക്കൂർ കൺസ്ട്രക്‌ഷൻ കമ്പനി 18 കോടി രൂപയ്ക്കാണ് കരാറെടുത്തത്. ഒന്നാംഘട്ടമായ മയ്യിൽ മുതൽ ചെറുവത്തലമൊട്ടവരെയുള്ള ഭാഗത്തിന്റെ പ്രവൃത്തി തുടങ്ങി അൻപത് ശതമാനത്തോളം പൂർത്തിയായിട്ടുണ്ട്. എന്നാൽ, റോഡിലെ വൈദ്യതത്തൂണുകൾ മാറ്റാത്തത് അടുത്ത ഘട്ടം തുടങ്ങുന്നതിന് തടസ്സമാവുന്നതായാണ് പരാതി.

ചെറുവത്തല മൊട്ട മുതൽ മയ്യിൽവരെയുള്ള ഭാഗത്തെ തൂണുകൾ മാറ്റി സ്ഥാപിക്കുന്നതിന് മൂന്നുപേരാണ് മയ്യിൽ വൈദ്യുതി സെക്‌ഷനിൽ നിന്ന് കരാറേറ്റെടുത്തത്.

ഇതിൽ ചെറുപഴശ്ശി എ.എൽ.പി. സ്കൂൾ വരെയുള്ള ഭാഗത്തെ തൂണുകൾ മാറ്റിസ്ഥാപിച്ചെങ്കിലും ബാക്കിയുള്ളതാണ് എട്ടു മാസമായിട്ടും നീക്കാത്തത്. റോഡ് പ്രവൃത്തി ഇഴഞ്ഞു നീങ്ങുന്നതിനെതിരേ നാട്ടുകാർ പ്രക്ഷോഭം നടത്താൻ ആലോചിക്കുകയാണ്.