മയ്യഴി: അഴിയൂർ-തലശ്ശേരി ബൈപ്പാസ് നിർമാണത്തിനിടയിൽ വഴിതടസ്സപ്പെടുന്ന അഴിയൂർ കോട്ടാമലക്കുന്ന് പ്രദേശത്തെ ജനങ്ങൾ പ്രക്ഷോഭത്തിലേക്ക്. നാട്ടുകാരുടെ ആശങ്കയകറ്റാനും പ്രശ്നം പരിഹരിക്കാനും ബന്ധപ്പെട്ടവർ തയ്യാറാകുന്നില്ലെന്നാരോപിച്ചാണ് നാട്ടുകാർ സമരത്തിനിറങ്ങുന്നത്.

പലതവണ ജനപ്രതിനിധികളടക്കം ദേശീയപാതാ അതോറിറ്റി ഉദ്യോഗസ്ഥരെയും ജില്ലാ കളക്ടറെയും കണ്ടെങ്കിലും കോട്ടാമലക്കുന്നിൽ അടിപ്പാത സ്ഥാപിക്കുന്ന കാര്യത്തിൽ ഒരു ഉറപ്പും ലഭിച്ചില്ല. ഇതിനിടെ ബൈപ്പാസിന്റെ മുപ്പത് ശതമാനം പണികഴിഞ്ഞിട്ടും ഡി.പി.ആർ. പുറത്തുവിടാത്തതിൽ പരക്കെ പ്രതിഷേധം ഉയരുകയാണ്. മാഹി റെയിൽവേ സ്റ്റേഷനിൽനിന്ന് കിഴക്കുഭാഗത്തേക്ക് മുമ്പുണ്ടായിരുന്ന നടവഴി പ്ലാറ്റ് ഫോം വികസനത്തോടെ അടച്ചു. തുടർന്ന് രണ്ട് കിലോമീറ്ററോളം ചുറ്റിക്കറങ്ങിവരേണ്ട അവസ്ഥ നാട്ടുകാർക്ക് വന്നു. ഇപ്പോൾ ബൈപ്പാസ് റോഡുകൂടിയായപ്പോൾ വീണ്ടും കക്കടവുവഴി വട്ടംകറങ്ങാൻ വിധിക്കപ്പെട്ടവരായി നാട്ടുകാർ മാറിക്കഴിഞ്ഞു.

അഴിയൂർ കോട്ടാമലക്കുന്ന് റോഡ് പ്രദേശത്ത് ചൊവ്വാഴ്ച രാവിലെ റോഡ് നിർമാണത്തിൻറ കൺസൽട്ടൻറും എൻജിനീയർമാരുമെത്തി സാധ്യതകൾ പരിശോധിച്ചെങ്കിലും സാങ്കേതികപ്രശ്നങ്ങൾതന്നെയാണ് അവർക്കും പറയാനുളളത്. സാങ്കേതികത്വം പറഞ്ഞ്‌ അടിപ്പാതയെന്ന ആവശ്യം നിരാകരിച്ചാൽ ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ടുപോകാനുള്ള ആലോചനയിലാണ് നാട്ടുകാർ. ഈ ആവശ്യമുന്നയിച്ച്‌ വിവിധ സംഘടനകൾ കെ.മുരളീധരൻ എം.പി.ക്ക്‌ നിവേദനം നൽകി. കോട്ടാമലക്കുന്ന് നിവാസികളുടെ അടിപ്പാതയെന്ന ആവശ്യം പരിഗണിക്കാൻ ദേശീയപാതാ അതോറിറ്റി തയ്യാറാകണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.