മട്ടന്നൂർ: കനത്തമഴയിൽ മട്ടന്നൂർ-കാര-വളയാൽ കനാൽ റോഡ് തകർന്നു. കാരയിലാണ് റോഡ് പൂർണമായും തകർന്ന് ഒഴുകിപ്പോയത്. ജനവാസകേന്ദ്രത്തിലേക്ക് വെള്ളം ഒഴുകിയതിനാൽ പ്രദേശത്തെ ഒട്ടേറെ വീട്ടുകാരെ മാറ്റിപ്പാർപ്പിച്ചു. ഏക്കർകണക്കിന് കൃഷിയിടങ്ങളും വെള്ളത്തിനടിയിലായി.

പഴശ്ശി കനാലിന്റെ തുരങ്കം തകർന്നതോടെയാണ് വെള്ളം കുത്തിയൊഴുകി റോഡ് ഒഴുകിപ്പോയത്. കഴിഞ്ഞ കാലവർഷത്തിൽ തകർന്ന പഴശ്ശി കനാൽ റോഡ് പുതുക്കിപ്പണിയാനിരിക്കെയാണ് പൂർണമായി തകർന്നത്. പഴശ്ശി കനാലിലെ വെള്ളം ജനവാസകേന്ദ്രങ്ങളിലേക്ക് ഒഴുകി വ്യാപക നാശനഷ്ടമാണുണ്ടായത്. നഗരസഭാ വൈസ് ചെയർമാൻ പി.പുരുഷോത്തമന്റെ നേതൃത്വത്തിലുള്ള സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്‌. ബസ് ഉൾപ്പെടെ സർവീസ് നടത്തുന്ന റോഡ് തകർന്നതോടെ ഗതാഗതം തടസ്സപ്പെട്ടു. മരുതായി നാലാങ്കേരിയിൽ കല്ലും മണ്ണും കുത്തിയൊഴുകി ഉരുൾപൊട്ടലിന് സമാനമായ നാശനഷ്ടമുണ്ടായി. മൂന്നുവീടുകൾ തകർന്നു. നാലാങ്കേരിയിലെ പി.പി.അബ്ദുള്ളയുടെയും മണ്ണൂർ മിച്ചഭൂമിയിലെ സുരേന്ദ്രന്റെയും മേറ്റടി മംഗലത്ത് വയലിൽ ചന്ദ്രൻ ഡ്രൈവറുടെയും വീടുകളാണ് തകർന്നത്. നാലാങ്കേരി ട്രഞ്ചിങ് മൈതാനത്തിന് സമീപമാണ് കല്ലും മണ്ണും കുത്തിയൊഴുകിയത്. സ്വകാര്യവ്യക്തികളുടെ പറമ്പിലെ റബ്ബർ മരങ്ങൾ ഉൾപ്പെടെയാണ് നിലംപതിച്ചത്. നായിക്കാലി, മണ്ണൂർ, പൊറോറ എന്നിവിടങ്ങളിൽ വീടുകൾ വെള്ളത്തിനടിയിലായതിനെത്തുടർന്ന് ഒട്ടേറെപ്പേരാണ് ദുരിതാശ്വാസക്യാമ്പുകളിൽ കഴിയുന്നത്.