കേളകം: മാവോവാദികൾ സായുധ പ്രകടനം നടത്തിയ അമ്പായത്തോട്ടിൽ ജില്ലാ പോലീസ് മേധാവി യതീഷ് ചന്ദ്രയുടെ നേതൃത്വത്തിൽ സന്ദർശനം നടത്തി. ചൊവ്വാഴ്ച അഞ്ചുമണിയോടെ കേളകം പോലീസ് സ്റ്റേഷനിലെത്തിയ സംഘം അമ്പായത്തോട്ടിൽ മാവോവാദികൾ സായുധപ്രകടനം നടത്തിയ സ്ഥലങ്ങൾ, പോസ്റ്ററുകൾ പതിച്ച പ്രദേശങ്ങൾ, താഴേ പാൽച്ചുരം റോഡിന്റെ വിവിധ പ്രദേശങ്ങൾ എന്നിവിടങ്ങളിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി. തുടർന്ന് മാവോവാദികൾ പട്ടണത്തിലേക്ക് എത്തിയതെന്ന് കരുതുന്ന മേലേ പാൽച്ചുരം കോളനിയിലെ വനത്തോട് ചേർന്ന പ്രദേശങ്ങളും നിരീക്ഷിച്ചു. ഇരിട്ടി എ.എസ്.പി. ആർ.ആനന്ദ് മാവോവാദികളുടെ സഞ്ചാരപാതയെക്കുറിച്ച് പോലീസ് മേധാവിയുമായി സംസാരിച്ചു. കേളകം എസ്.ഐ. എം.കെ.കൃഷ്ണൻ, വിവിധ സേനാംഗങ്ങൾ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

ജനങ്ങൾ പോലീസിനൊപ്പം -യതീഷ് ചന്ദ്ര

കേന്ദ്ര സർക്കാരിനും കേരള സർക്കാരിനും എതിരേ ഒരേ സമയം സായുധവിപ്ലവത്തിന് ആഹ്വാനം ചെയ്യുന്ന പോസ്റ്ററുകളും ലഘുലേഖകളുമാണ് അമ്പായത്തോട്ടിൽനിന്ന് ലഭിച്ചത്. ജനാധിപത്യമുണ്ടായാലേ അഭിപ്രായപ്രകടനത്തിനും പ്രതിഷേധിക്കാനുമുള്ള അവസരം ലഭിക്കൂ. ജനാധിപത്യത്തിൽ വിശ്വാസമില്ലെന്ന് പ്രഖ്യാപിക്കുന്ന മാവോവാദികളാണ് പ്രതിഷേധിക്കാൻ ജനങ്ങളോട് പറയുന്നത്. ഇതിലൂടെ എന്താണവരുദ്ദേശിക്കുന്നത് -ജില്ലാ പോലീസ് മേധാവി യതീഷ് ചന്ദ്ര ചോദിച്ചു.

ഈ നയംകൊണ്ടുതന്നെ സാധാരണ ജനങ്ങളുടെ പിന്തുണ അവർക്ക് ലഭിക്കില്ല. ജനങ്ങൾ പോലീസിനൊപ്പമാണെന്നും പ്രാദേശിക സഹായം അവർക്ക് ലഭിക്കുന്നതായി വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അമ്പായത്തോട്ടിൽ പ്രകടനം നടത്തിയവരെക്കുറിച്ച് കൂടുതൽ വെളിപ്പെടുത്താനാവില്ല. മുൻപ്‌ നടത്തിയിരുന്ന സംയുക്ത ഓപ്പറേഷനുകൾ തുടരും. ആവശ്യമെങ്കിൽ പുതിയ ഓപ്പറേഷനുകളും ആസൂത്രണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

content highlights; maoist presence, district police chief visited ambayathode