തളിപ്പറമ്പ്: മംഗലശ്ശേരി വയലിൽ കൃഷി പട്ടാളച്ചിട്ടയിലാണ്. മഴതുടങ്ങി ഭൂമി തണുത്താൽ പാടശേഖരസമിതി പ്രവർത്തകർ ഒന്നടങ്കം വയലിലെത്തും. ഓരോ കർഷകന്റെയും ആവശ്യങ്ങൾ കണ്ടറിഞ്ഞ് ചെയ്തുകൊടുക്കും. മറ്റിടങ്ങളിൽ നാട്ടി നട്ട് പൂർത്തിയാകുന്നതേയുള്ളൂ. എന്നാൽ, മംഗലശ്ശേരിയിലെ നെൽക്കർഷകർ കളപറി തുടങ്ങി. തരിശുരഹിത നെൽക്കൃഷിയെന്ന പ്രത്യേകതകൂടിയുണ്ടിവിടെ.
വള്ളംകളി മത്സരക്കാർ തുഴയെറിയുന്ന മംഗലശ്ശേരി പുഴയോരത്താണ് നൂറേക്കറോളം വിശാലമായ വയൽ. ഏതാനും വർഷം മുൻപുവരെ കർഷകർ നെൽക്കൃഷിയിൽ സജീവമായിരുന്നില്ല. അഞ്ചുവർഷത്തോളമായി കാർഷിക മേഖല സക്രിയമായിട്ട്. ട്രാക്ടറും ടില്ലറും പാടശേഖരസമിതിക്ക് സ്വന്തമായുണ്ട്. മെതിയന്ത്രം ജില്ലാ പഞ്ചായത്തുമുഖേന വയലിലെത്തിക്കും. വരുന്ന വിളവെടുപ്പിന് ഇപ്പോഴേ മെതിയന്ത്രം ആവശ്യപ്പെട്ടു. എല്ലാം ചിട്ടയോടെ ചെയ്യുന്നതിനാൽ കർഷകരിൽ നിന്ന് പരാതികളൊന്നുമുണ്ടാകാറില്ല. പരമ്പരാഗത കൃഷിക്കാർക്കുപുറമെ ഏഴോളം ഗ്രൂപ്പുകളും ഈ വർഷം കൃഷിചെയ്യുന്നുണ്ട്. നൂറോളം കുടുംബങ്ങളിൽ മിക്ക വീട്ടുകാരും വയലിലിറങ്ങുന്നവരാണ്. ജ്യോതി, കുറുവ, ആതിര തുടങ്ങിയ നെൽവിത്തുകളാണ് കൃഷിചെയ്തത്. കൃഷിഭവൻ ഉദ്യോഗസ്ഥരുടെ സഹായങ്ങളും സമയാസമയത്ത് ലഭിക്കാറുണ്ടെന്ന് പാടശേഖരസമിതി സെക്രട്ടറി കെ.ചന്തുകുട്ടി പറഞ്ഞു.