മണക്കടവ്: കാലവർഷക്കെടുതിയിൽ തകർന്ന റോഡുകൾ നന്നാക്കി ഗതാഗതയോഗ്യമാക്കാർ നാട്ടുകാരുടെ ശ്രമദാനം. കുടിയേറ്റത്തിന്റെ ആദ്യകാലങ്ങളിൽ കമ്പിയും തൂമ്പയും മറ്റ് ഉപകരണങ്ങളുമായി കാട്ടുപാതകൾ വെട്ടിത്തെളിച്ച് വാഹനസഞ്ചാരയോഗ്യമാക്കിയ ഓർമകൾ സൂക്ഷിക്കുന്ന ആദ്യകാല കുടിയേറ്റക്കാരും പിൻതലമുറയും ഒന്നിച്ച് പണിയായുധങ്ങളുമായി പണിക്കിറങ്ങുകയായിരുന്നു.

മണക്കടവ്-മൂരിക്കടവ് റോഡ് മലവെള്ളം കുത്തിയൊഴുകി മെറ്റൽ ടാറിങ് നശിച്ചനിലയിലായിരുന്നു. കുഴികൾനിറഞ്ഞ് വാഹനയാത്രക്കോ കാൽനടക്കോ കഴിയാത്തനിലയിലായിരുന്നു. ബസ്സോട്ടം നിലയ്ക്കുമെന്ന സ്ഥിതിയിലാണ്‌ നാട്ടുകാർ ശ്രമദാനത്തിനിറങ്ങിയത്. പുലർച്ചെ നാലരമുതൽ രാത്രി വൈകിവരെ ബസ്സോട്ടമുള്ള മണക്കാടവ്-ചീക്കാട് റോഡ് വാഹന-കാൽനട യാത്രായോഗ്യമാക്കി.

പുലർച്ചെ കണ്ണൂരിലേക്കും മംഗളൂരുവിലേക്കുമുൾപ്പെടെ കെ.എസ്.ആർ.ടി.സി. ബസ് സർവീസ് ഇവിടെനിന്നുള്ളതാണ്. തെരുവുവിളക്കുപോലുമില്ലാത്ത ഈ റോഡിൽ സന്ധ്യയായാൽ കാൽനടക്കുപോലും കഴിയാത്തനിലയിൽ തകർന്നിരുന്നു. മഴയ്ക്ക് അൽപ്പം കുറവുണ്ടായ രണ്ടുദിവസങ്ങളിലായി ശ്രമദാനം നടത്തുകയായിരുന്നു.