മമ്പറം : കണ്ണൂർ-കൂത്തുപറമ്പ് റോഡിലെ മമ്പറം പാലത്തിന്റെ നിർമാണം ഡിസംബറിൽ പൂർത്തിയാകും.

ഓഗസ്റ്റിൽ പൂർത്തിയാക്കേണ്ട പണി വിവിധ കാരണങ്ങളാൽ മൂന്നുതവണ നിർത്തിവെക്കേണ്ടിവന്നിരുന്നു.

കഴിഞ്ഞ യു.ഡി.എഫ്. സർക്കാരിന്റെ കാലത്താണ് മമ്പറത്ത് സമാന്തരപാലത്തിനായി തുടക്കമിട്ടത്.

എന്നാൽ ടെൻഡർ നടപടികളുൾപ്പെടെ പൂർത്തീകരിച്ചിരുന്നെങ്കിലും അനുബന്ധ റോഡിനുള്ള സ്ഥലം കണ്ടെത്തുന്നതിലെ തർക്കം കാരണം പണി നിലച്ചു.

തുടർന്ന് എൽ.ഡി.എഫ്. അധികാരത്തിലെത്തിയപ്പോൾ അനുബന്ധ റോഡ് ഏറ്റെടുത്ത് നിർമാണം തുടങ്ങി.

2018-ൽ ഉൾനാടൻ ജലപാതാ പദ്ധതി നടപ്പാക്കാൻ തീരുമാനിച്ചപ്പോൾ പാലത്തിന്റെ രൂപരേഖയിൽ മാറ്റം ആവശ്യമായി. പാലത്തിനടിയിലൂടെ ബോട്ടുകൾക്ക് കടന്നുപോകുന്നതിന് സൗകര്യമുണ്ടാക്കാൻ രൂപരേഖയിൽ പാലത്തിന്റെ ഉയരം കൂട്ടിയാണ് പണി വീണ്ടും തുടങ്ങിയത്. അപ്രതീക്ഷിതമായി പ്രഖ്യാപിച്ച ലോക്ഡൗണിനെത്തുടർന്ന് പണി നിലച്ചു. ലോക്ഡൗണിൽ ഇളവുവരുത്തിയശേഷം മേയിൽ പണി വീണ്ടും തുടങ്ങി.

പൂർത്തിയാവേണ്ടത്

പുഴയുടെ മധ്യഭാഗത്തെ പ്രധാന സ്ലാബുൾപ്പെടെ നിർമാണം ഇനിയും പൂർത്തിയാക്കേണ്ടതുണ്ട്.

25 മീറ്റർ നീളത്തിലുള്ള നാല് സ്പാനുകളും 21 മീറ്റർ നീളത്തിലുള്ള ഒരു ബോക്സ് കലുങ്കും അനുബന്ധറോഡും പൂർത്തീകരിക്കുന്നതോടെ മാത്രമേ പാലം തുറന്നുകൊടുക്കാനാകൂ. ഇത് ഡിസംബർ അവസാനത്തോടെ കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

ആകെയുള്ള 54 തൂണുകളിൽ 45 എണ്ണം പൂർത്തിയായി. ഇനി നാല് സ്പാനുകൾ നിർമിക്കേണ്ടതുണ്ട്.

ലോക്‌ഡൗണിനെത്തുടർന്ന് പുഴയോരത്ത് കൂട്ടിയിട്ട കമ്പികൾ തുരുമ്പെടുത്തിരുന്നു. തുരുമ്പ് നീക്കി ബലപ്പെടുത്തുന്ന ശാസ്ത്രീയരീതിയായ എപോക്സി കോട്ടിങ്ങാണ് സ്വീകരിച്ചത്.

1957-ലാണ് പഴയ മമ്പറം പാലത്തിന് തറക്കല്ലിട്ടത്. കൂത്തുപറമ്പ് ഭാഗത്ത് ബലക്ഷയം കണ്ടെത്തിയതിനെത്തുടർന്നാണ് പുതിയ പാലം നിർമിക്കേണ്ടിവന്നത്. തൂണുകളുടെ മേൽ ഈയക്കട്ടിവെച്ച് ബലപ്പെടുത്തിയാണ് കണ്ണൂർ ഭാഗത്തെ പകുതി നിർമിച്ചത്.