മാലൂർ: മാലൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഫുട്ബോൾ കളിക്കുന്നതിനിടെ വിദ്യാർഥി ആദർശ് പൊട്ടക്കിണറിൽ വീണ സംഭവത്തിൽ പ്രതിഷേധിച്ച് വിദ്യാർഥികൾ ഒന്നടങ്കം ബുധനാഴ്ച സ്കൂളിൽ പ്രതിഷേധ സമരം നടത്തി. ഇതേത്തുടർന്ന് സ്കൂളിൽ അധ്യയനം നടന്നില്ല. എട്ടുവർഷത്തോളമായി സ്കൂൾ മൈതാനത്തോട് ചേർന്ന ഉപയോഗശൂന്യമായ കിണർ മൂടണമെന്നും അപകടാവസ്ഥയിലായ കെട്ടിടം പൊളിച്ചുനീക്കണമെന്നും സ്കൂൾ കെട്ടിടങ്ങൾക്ക് ഭീഷണിയായ വാകമരം മുറിച്ചുനീക്കണമെന്നാവശ്യപ്പെട്ടുമാണ് വിദ്യാർഥികൾ സമരം ചെയ്തത്.

സംഭവത്തെക്കുറിച്ചന്വേഷിക്കാൻ തലശ്ശേരി ഡി.ഇ.ഒ. വി.എ.ശശീന്ദ്ര വ്യാസിന്റെ നേതൃത്വത്തിലുള്ള സംഘം ബുധനാഴ്ച സ്കൂളിലെത്തി. വീഴാറായ കെട്ടിടം പൊളിച്ചുനീക്കാനും ഉണങ്ങിയ വാകമരം മുറിച്ചു മാറ്റാനും അധികൃതരുമായി ബന്ധപ്പെടണമെന്ന് അദ്ദേഹം നിർദേശിച്ചു.

ജില്ലാ പഞ്ചായത്ത് വികസന സ്റ്റാൻഡിങ്‌ കമ്മിറ്റി ചെയർമാൻ വി.കെ.സുരേഷ്ബാബുവും സ്കൂളിലെത്തി. പരിക്കേറ്റ് കോഴിക്കോട് ബേബി മെമ്മോറിയൽ ആസ്പത്രിയിൽ ചികിത്സയിൽ കഴിയുന്ന ആദർശിന്റെ നില ഗുരുതരാവസ്ഥയിൽ തുടരുകയാണെന്ന് അധികൃതർ പറഞ്ഞു. മാലൂർ പോലീസ് സബ് ഇൻസ്പെക്ടർ ടി.കെ.ഷിജുവിന്റെ നേതൃത്വത്തിൽ സംഭവത്തെക്കുറിച്ച് അന്വേഷണം തുടങ്ങി.

ബുധനാഴ്ച രാവിലെ പി.ടി.എ.യുടെ അടിയന്തര യോഗം ചേർന്ന് ആദർശിന്റെ മുഴുവൻ ചികിത്സച്ചെലവുകളും സ്കൂൾ അധികൃതർ വഹിക്കാൻ തീരുമാനിച്ചു. അന്വേഷണം നടക്കുന്നതിനാൽ കിണർ തത്‌കാലം മൂടരുതെന്ന് പോലീസ് ആവശ്യപ്പെട്ട സാഹചര്യത്തിൽ കിണറിന് ഇരുമ്പ് ഗ്രിൽസ് കൊണ്ടുള്ള മൂടിയിട്ടിട്ടുണ്ട്. സ്കൂൾ ഗ്രൗണ്ടിനരികിൽ മുളകൊണ്ട് വേലിയും ബുധനാഴ്ച തന്നെ കെട്ടി സുരക്ഷാസംവിധാനമൊരുക്കി. പോലീസ് അനുമതി ലഭിച്ചാലുടൻ കിണർ മൂടും.

സ്കൂളിന്‌ ഭീഷണിയായി പഴയ കെട്ടിടവും വാകമരവും

മാലൂർ: മാലൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ സ്ഥാപിച്ചതു് മുതലുള്ള പഴയ കെട്ടിടം ഉപയോഗശൂന്യമായിട്ട് വർഷങ്ങളായി. ഓടിട്ട കെട്ടിടം പൊളിച്ചുമാറ്റണമെന്നാവശ്യപ്പെട്ട് അധികൃതർക്ക് പരാതി അയച്ചിട്ടും നടപടിയായിട്ടില്ല. ഏതുനിമിഷവും ഈ കെട്ടിടം തകർന്നു വീഴാൻ സാധ്യതയുണ്ട്. ബുധനാഴ്ച ചേർന്ന പി.ടി.എ. യോഗം കെട്ടിടത്തിന്റെ ഓടുകൾ ഇറക്കിവെക്കാൻ തീരുമാനിച്ചു. സ്കൂൾ കെട്ടിടങ്ങൾക്ക് ഭീഷണിയായി ഉണങ്ങിനിൽക്കുന്ന വാകമരം മുറിച്ചുനീക്കാത്തതും പ്രതിഷേധത്തിനിടയാക്കി. മരം മുറിച്ചുമാറ്റിത്തരണ മെന്നാവശ്യപ്പെട്ട് നിരവധിതവണ പരാതി നൽകിയിരുന്നു.