ഇരിട്ടി: കായികവകുപ്പ് പായം പഞ്ചായത്തിലെ മാടത്തിയിൽ അനുവദിച്ച സ്റ്റേഡിയം നിർമിക്കാനുള്ള നടപടികൾ അന്തിമഘട്ടത്തിലാണെന്ന് പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ പറഞ്ഞു. കിഫ്ബിയിൽ ഉൾപ്പെടുത്തി 10 കോടിയോളം രൂപ ചെലവിൽ അന്തർദേശീയ നിലവാരമുള്ള സ്റ്റേഡിയത്തിനായി ആറുമാസം മുൻപാണ് പ്രഖ്യാപനം ഉണ്ടായത്. പഴശ്ശിപദ്ധതിയുടെ അധീനതയിലുള്ള മാടത്തിടൗണിനോട് ചേർന്ന ഭാഗത്തെ അഞ്ചേക്കർ സ്ഥലമാണ് സ്റ്റേഡിയത്തിനായി പഞ്ചായത്ത് കണ്ടെത്തിയിരിക്കുന്നത്. പദ്ധതിപ്രദേശം വിട്ടുകിട്ടുന്നതിനുള്ള നടപടികൾ പൂർത്തിയായിവരികയാണെന്നും വിശദമായ പദ്ധതി റിപ്പോർട്ടും സൈറ്റ്‌പ്ലാനും ഉടൻ സമർപ്പിക്കുമെന്നും ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എൻ.അശോകൻ പറഞ്ഞു. പദ്ധതിയിൽ എഫ്.ആർ.എൽ. ലെവലിൽ വെള്ളം സംഭരിച്ചപ്പോഴും സ്റ്റേഡിയത്തിനായുള്ള സ്ഥലത്ത് വെള്ളം കയറിയിട്ടില്ലെന്നും ഇക്കാര്യം ജലസേചനവിഭാഗം ചീഫ് എൻജിനീയർ ഉൾപ്പെടെയുള്ളവരെ ബോധ്യപ്പെടുത്തും. വെള്ളം കെട്ടിനിൽക്കുന്ന പ്രദേശമാണ് സ്റ്റേഡിയത്തിനായി അനുവദിച്ചതെന്ന പ്രചാരണം അടിസ്ഥാനരഹിതമാണ്. പ്രദേശത്തിന്റെ സർവേനമ്പർ മാറിപ്പോയ വിഷയത്തിൽ നമ്പർ തിരുത്തികിട്ടിയതായും സ്ഥലം അളന്നുതിരിച്ചതായും ഭരണസമിതി അംഗങ്ങൾ പറഞ്ഞു.

ജലസേചനവിഭാഗത്തിലെ ഒരുവിഭാഗം ജീവനക്കാരാണ് പദ്ധതിയെ ഇല്ലാതാക്കാൻ ശ്രമിക്കുന്നത്. വെള്ളം കയറുന്ന പ്രദേശമാണെന്നരീതിയിൽ നൽകിയ റിപ്പോർട്ടുകളാണ് പ്രതിസന്ധിയുണ്ടാക്കിയത്. പദ്ധതിയിൽ ഒരുമീറ്ററിൽ കൂടുതൽ വെള്ളം ഉയർന്നാലും സ്റ്റേഡിയത്തിനായി കണ്ടെത്തിയ സ്ഥലത്ത് വെള്ളം കയറില്ലെന്ന് ഗ്രാമപ്പഞ്ചായത്ത് അംഗങ്ങൾ പറഞ്ഞു. പ്രസിഡന്റിനു പുറമെ വൈസ് പ്രസിഡന്റ് വി.സാവിത്രി, അംഗങ്ങളായ പവിത്രൻ കരിപ്പായി, വി.കെ.പ്രേമരാജൻ, വിമല എന്നിവരും പങ്കെടുത്തു.