തലശ്ശേരി: പഴയകാല തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഓർമകളുണർത്തി വീണ്ടും മെഗാഫോൺ. ഇനി കണ്ണൂരിലെ നാട്ടിൻപുറങ്ങളിൽ പലയിടത്തും മെഗാഫോണിൽനിന്നുള്ള ശബ്ദം മുഴങ്ങും. ടൗണിലെ എം.പി.സമീറിന്റെ കടയിൽ നിന്നാണ് മെഗാഫോൺ നിർമിക്കുന്നത്.

തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും കുറച്ചെണ്ണം ഉണ്ടാക്കിയിരുന്നു. എന്നാൽ ഇത്തവണ നാലുദിവസം കൊണ്ട് പലയിടത്തുനിന്നായി 130 മെഗാഫോണുകളാണ് ആവശ്യപ്പെട്ടിരിക്കുന്നതെന്ന് സമീർ പറഞ്ഞു.

അതിൽ 30 എണ്ണം നിർമിച്ചുനൽകി. ചെറുതും വലുതുമായി രണ്ടുതരമാണ് ഉണ്ടാക്കുന്നത്. ചെറുതിന് 250-ഉം വലുതിന് 350-ഉം രൂപയാണ് നിർമാണച്ചെലവ്. സിങ്ക് പാളികൾ കൊണ്ടാണ് ഇവ നിർമിക്കുന്നത്. കാണുമ്പോൾ ലളിതമാണെങ്കിലും ഒരെണ്ണമുണ്ടാക്കാൻ തന്നെ ഒരുമണിക്കൂറെടുക്കും.

വരുമാനമാർഗമായല്ല, തിരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള സേവനമായാണ് സമീർ ഇതിനെ കാണുന്നത്. അതിനാൽ നിർമാണച്ചെലവല്ലാതെ വേറെ കൂലിയൊന്നും ഈടാക്കുന്നില്ല. ധർമടം, അഞ്ചരക്കണ്ടി, മട്ടന്നൂർ, കൂത്തുപറമ്പ് മേഖലകളിൽ നിന്നാണ് ആവശ്യക്കാരെത്തിയത്.

കാളം എന്നാണ് നാട്ടിൻപുറത്ത് ഇതിന്റെ പഴയ വിളിപ്പേര്. പ്രായമായവരുടെ ഓർമകളിൽ മാത്രമാണ് കാളം വിളിയും വിളിപ്പേരുമുള്ളത്. മൈക്ക്‌സെറ്റ് വ്യാപകമാകുന്നതിന് മുൻപ്‌ ഇത്തരം മെഗാഫോണുകളാണ് ഗ്രാമാന്തരങ്ങളിൽ വോട്ടഭ്യർഥനയുടെ കാഹളം മുഴക്കിയിരുന്നത്.

സി.പി.എം. പ്രവർത്തകനായ സമീർതന്നെയാണ് ഇവയുണ്ടാക്കുന്നത്. തകരകൊണ്ട് പെട്ടികളും ഉപകരണങ്ങളും നിർമിക്കുന്ന കടയാണ് സമീറിന്റേത്. 15 വർഷമായി പഴയ മാർക്കറ്റ് റോഡിൽ സമീറിന്റെ സാജിറ ഇൻഡസ്ട്രീസുണ്ട്.

ആദ്യമായി നാടായ ചിറക്കുനിയിലെ റെഡ്സ്റ്റാർ ക്ലബ്ബിനുവേണ്ടിയാണ് മെഗാഫോൺ നിർമിച്ചത്. പിതാവ് ഹസ്സനിൽനിന്നാണ് ഈ വിദ്യ സമീർ വശത്താക്കിയത്. സി.പി.എം. ടൗൺ ലോക്കൽ കമ്മിറ്റിയംഗവും ഡി.വൈ.എഫ്.ഐ. ടൗൺ മേഖലാ സെക്രട്ടറിയുമാണ് സമീർ.