ഇരിട്ടി : ആറളം ഗവ.യു.പി സ്കൂളിലെ ശൗചാലയത്തിൽനിന്ന്‌ ഉഗ്രശേഷിയുള്ള രണ്ട് നാടൻബോംബുകൾ കണ്ടെത്തിയ സംഭവം പോലീസും നാട്ടുകാരും ഗൗരവത്തോടെയാണ് കാണുന്നത്. സ്കൂൾ തുറക്കാൻ ദിവസങ്ങൾ ശേഷിക്കെയുണ്ടായ സംഭവം അധ്യാപകരിലും നാട്ടുകാരിലും ആശങ്ക പരത്തി. ഒന്നരവർഷത്തോളം സ്കൂൾ അടഞ്ഞുകിടന്നപ്പോൾ പല വിദ്യാലയങ്ങിളിൽനിന്നും വിഷപ്പാമ്പുകളും മറ്റ് ഇഴജന്തുക്കളും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെങ്കിലും ബോംബ് കണ്ടെത്തുന്നത് ആദ്യമായാണ്.

സ്കൂൾ വിജനമായ പ്രദേശത്തൊന്നുമല്ല. രാത്രി വൈകിയും പുലർച്ചെയും ഒഴികെ ഏതുസമയവും ജനസാന്നിധ്യമുള്ള ആറളം ടൗണിനോട് ചേർന്നാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. ഇവിടെ എങ്ങനെ ബോംബ് എത്തി എന്നതാണ് പോലീസിനെയും നാട്ടുകാരെയും ആശ്ചര്യപ്പെടുത്തുന്നത്. മേഖലയിൽ അടുത്തകാലത്തൊന്നും രാഷ്ട്രീയസംഘർഷവുമുണ്ടായിട്ടില്ല.

അടുത്തകാലത്ത് നിർമിച്ചവയാണ് ബോംബുകളെന്നാണ് ബോംബ് സ്ക്വാഡിലെ വിദഗ്ധർ പറയുന്നത്. മറ്റെവിടേയോ സുക്ഷിച്ച ബോംബുകൾ സ്കൂൾ വൃത്തിയാക്കുന്ന സമയത്ത് കണ്ടെത്തി നിർവീര്യമാക്കട്ടെയെന്നു കരുതി ആരെങ്കിലും കൊണ്ടുവച്ചതാണെന്ന സംശയവുമുണ്ട്. ബോംബ്‌ സ്ക്വാഡും ഡോഗ്‌ സ്ക്വാഡും മേഖലയിൽ വ്യാപകമായി പരിശോധന നടത്തി.

കുറച്ചുകാലമായി സ്ഥിരമായി ഒരുസംഘം മേഖലയിൽ രാത്രി വൈകിയും തങ്ങുന്നതായി നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇവരുടെ പ്രവർത്തനങ്ങളും നിരീക്ഷിക്കും. രക്ഷിതാക്കളിലും മറ്റുമുണ്ടായ ആശങ്ക പരിഹരിക്കുന്നതിനു സ്കൂൾ പി.ടി.എ. യോഗം വിളിച്ചിട്ടുണ്ട്. ബോംബിന്റെ ഉറവിടം കണ്ടെത്തണമെന്ന് വിവിധ രാഷ്ട്രീയപാർട്ടികളും ആവശ്യപ്പെട്ടു.