അഴീക്കോട് : ഡിസംബറിൽ നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിലും ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും എൽ.ഡി.എഫിന് ഒരേ ഭൂരിപക്ഷം. പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ 6141 ആണ് ഭൂരിപക്ഷമെങ്കിൽ നിയമസഭയിലും 6141 തന്നെ.

നിയമസഭാ തിരഞ്ഞെടുപ്പിൽ പഞ്ചായത്ത് തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 5857 വോട്ടുകളുടെ വർധനയുണ്ട്. ജില്ലയിൽ ഏറ്റവും കൂടുതൽ പുതിയ വോട്ടർമാരെ ചേർത്തത് ഈ മണ്ഡലത്തിലാണ്. ഈ മണ്ഡലത്തിൽ അഴീക്കോട്, ചിറക്കൽ, പാപ്പിനിശ്ശേരി, നാറാത്ത്, വളപട്ടണം, കണ്ണൂർ കോർപ്പറേഷനിലെ പള്ളിക്കുന്ന്, പുഴാതി ഭാഗങ്ങളാണുള്ളത്. അഴീക്കോട്, ചിറക്കൽ, പാപ്പിനിശ്ശേരി പഞ്ചായത്തുകൾ എൽ.ഡി.എഫി.നൊപ്പമാണ്. ബാക്കി പ്രദേശങ്ങൾ യു.ഡി.എഫിന് മുൻതൂക്കം ഉണ്ട്. മണ്ഡലത്തിൽ 1,81,562 വോട്ടർമാരുണ്ട്. ഇതിൽ 97,319 സ്ത്രീകളും 84,241 പുരുഷന്മാരുമാണ്. രണ്ടുപേർ ഭിന്നലിംഗക്കാർ.

ജനുവരി 20ന് പ്രസിദ്ധീകരിച്ച വോട്ടർപട്ടികയിൽ 5857 പുതിയ വോട്ടർമാരെ ചേർത്തിട്ടുണ്ട്. കഴിഞ്ഞ ഡിസംബറിൽ നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ നിയമസഭാ മണ്ഡലാടിസ്ഥാനത്തിൽ നോക്കുമ്പോൾ 58,355 വോട്ട് എൽ.ഡി.എഫിനും 52,214 വോട്ട് യു ഡി.എഫിനും 15,701 വോട്ട് എൻ.ഡി.എ.ക്കും ലഭിച്ചു. മൂന്നുമാസം കഴിഞ്ഞുവന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് 65,794 വോട്ടും യു ഡി.എഫിന് 59,653 വോട്ടും, എൻ.ഡി.എ.ക്ക് 15,741 വോട്ടും കിട്ടി. ഇതിലും എൽ.ഡി.എഫിന് 6141 വോട്ടിന്റെ ഭൂരിപക്ഷം തന്നെ. എൻ.ഡി.എക്ക് പഞ്ചായത്ത് തിരഞ്ഞെടുപ്പിനേക്കാൾ 40 വോട്ട് അധികം കിട്ടി. വോട്ടർമാരുടെ എണ്ണം കൂടിയെങ്കിലും എൽ.ഡി.എഫിന് പഞ്ചായത്ത് തിരഞ്ഞടുപ്പിനേക്കാൾ ഭൂരിപക്ഷം വർധിപ്പിക്കാനായില്ല.

വോട്ടർമാർക്ക് നന്ദി പറഞ്ഞ് സുമേഷ്

അഴീക്കോട് : തന്നെ ബഹുഭൂരിപക്ഷത്തോടെ വിജയിപ്പിച്ചതിന് മണ്ഡലത്തിലെ വോട്ടർമാർക്ക് എൽ.ഡി.എഫ്. സ്ഥാനാർഥി കെ.വി.സുമേഷ് നന്ദി പറഞ്ഞു. പുതിയതെരു തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽനിന്ന് സാമൂഹികമാധ്യമങ്ങളിലും ഓൺലൈൻ, വാട്ട്സ് ആപ്പ് , ഫോൺ വഴിയുമാണ് നന്ദി അറിയിച്ചത്. കോവിഡ് രോഗവ്യാപനം വർധിച്ച സാഹചര്യത്തിലാണ് വോട്ടർമാരെ കാണാൻ കഴിയാത്തതെന്നും അദ്ദേഹം പറഞ്ഞു.