കണ്ണൂർ : ഓണസദ്യയിലെ അവിഭാജ്യഘടകമാണ് പായസം. പായസങ്ങളുടെ കൂട്ടത്തിൽ പ്രഥമനുതന്നെ പ്രാധാന്യം. പ്രഥമനിൽ പ്രിയമേറിയത് ചെറുപയർപരിപ്പ് പ്രഥമൻ. നല്ല രുചിയുള്ള പ്രഥമൻ കൈയോടെ കിട്ടാൻ കെ.ടി.ഡി.സി.യുടെ കണ്ണൂരിലെ ഹോട്ടലായ ലൂം ലാൻഡിൽ ചെന്നാൽ മതി. ചെറുപയർപരിപ്പ്, പാലട, പൈനാപ്പിൾ എന്നിവകൊണ്ടുള്ള പ്രഥമൻ, അമ്പലപ്പുഴ പാൽപ്പായസത്തിന്റെ അതേ ചേരുവയിലിലുള്ള ആലപ്പുഴ പാൽപ്പായസം എന്നിവ തിരുവോണംവരെ രാവിലെ 10 മണിമുതൽ രാത്രി ഒൻപതുവരെ കിട്ടും.

കാരറ്റ്, ബീറ്റ്റൂട്ട്, പഴം, ചക്ക, ഉരുളക്കിഴങ്ങ് എന്നിവ കൊണ്ടുള്ള പായസവും ഒരുക്കുന്നുണ്ട്. ഹോട്ടലിന് പുറത്ത് പായസത്തിന് പ്രത്യേക കൗണ്ടറും ഏർപ്പെടുത്തിയിട്ടുണ്ട്.

ആദ്യദിവസംതന്നെ 300 ലിറ്റർ പായസമാണ് തയ്യാറാക്കിയിട്ടുള്ളത്. നേരത്തെ ഓർഡർ ചെയ്താൽ ആവശ്യത്തിനുസരിച്ച് ഇവയെല്ലാം കിട്ടും.

34 വർഷമായി കെ.ടി.ഡി.സി.യുടെ ഹോട്ടലുകളിൽ ഓണത്തിന് പായസമേള നടത്തിവരുന്നുണ്ട്‌. എല്ലായിടത്തും ഒരേ രുചിയിലാണ് ഇവ തയ്യാറാക്കുന്നതെന്ന് ഹോട്ടൽ ലൂം ലാൻഡ്‌ മാനേജർ സുർജിത് ഉണ്ണികൃഷ്ണൻ പറഞ്ഞു. മാങ്ങാട്ടുപറമ്പിലെ ഹോട്ടൽ ടാമറിന്റിൽ തിങ്കളാഴ്ചമുതൽ പായസം ലഭിക്കും.

പായസമേളയും വില്പനകൗണ്ടറും മന്ത്രി എം.വി. ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു. രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ. അധ്യക്ഷനായിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ ആദ്യ വില്പന ഉദ്ഘാടനം ചെയ്തു. കെ.ടി.ഡി.സി. റീജണൽ മാനേജർ എം.എസ്. പ്രദീപ്, ഡയറക്ടർമാരായ കെ.പി. വിനോദ്കുമാർ, ബാബു ഗോപിനാഥ്, കോർപ്പറേഷൻ കൗൺസിലർ സുരേഷ്ബാബു എളയാവൂർ എന്നിവർ സംബന്ധിച്ചു.

ദിനേശിന്റെ പായസക്കിറ്റിനും പ്രിയമേറെ

ദിനേശിന്റെ പായസക്കിറ്റിനും ആവശ്യക്കാരേറെയാണ്. അടപ്രഥമന്റെയും ചെറുപയർപ്രഥമന്റെയും ഒരുകിലോയുടെയും 650 ഗ്രാമിന്റെയും പായസക്കിറ്റുകളാണ് വിപണിയിലിറക്കിയിരിക്കുന്നത്. പായസത്തിന് വേണ്ട എല്ലാ ചേരുവകളും ഇതിലുണ്ട്. വെള്ളമൊഴിച്ച് വേവിച്ചെടുക്കുകയേ വേണ്ടൂ. ഒരുകിലോ കിറ്റിന് 280 രൂപയാണ് മുഖവിലയെങ്കിലും പോലീസ് മൈതാനത്ത്‌ ഒരുക്കിയിട്ടുള്ള സ്റ്റാളിൽനിന്ന് 250 രൂപയ്ക്ക് കിട്ടും. 650 ഗ്രാമിന്റെ കിറ്റ് 170 രൂപയ്ക്കും. ഒരുകിലോയുടെ കിറ്റുകൊണ്ട് 12 വലിയ ഗ്ലാസ് പ്രഥമൻ ഉണ്ടാക്കാം.