kannurപയ്യന്നൂർ: കെ.എസ്.ആർ.ടി.സി.യുടെ വരുമാനത്തിൽ ജില്ലയിൽ പ്രതിദിന കുറവ് നാലുലക്ഷം രൂപയിലേറെ. സർവീസുകൾ കൃത്യമായി നടക്കാത്തതാണ് വരുമാനത്തെ ദോഷകരമായി ബാധിക്കുന്നത്. ബസ്സുകളുടെ കുറവിനെത്തുടർന്ന് ഒട്ടേറെ സർവീസുകളാണ് ദിവസവും ജില്ലയിൽ റദ്ദാക്കുന്നത്.

ജില്ലയിലെ മൂന്ന് ഡിപ്പോകളിലായി 64 ബസ്സുകളാണ് കട്ടപ്പുറത്തുള്ളത്. ഒരു ബസ്സിന് പ്രതിദിന വരുമാനം ശരാശരി പതിനായിരം രൂപയാണ് അധികൃതർതന്നെ കണക്കാക്കിയിരിക്കുന്നത്. ഏറ്റവുംകൂടുതൽ ബസ്സുകൾ കട്ടപ്പുറത്തിരിക്കുന്നത് കണ്ണൂർ ഡിപ്പോയിലാണ്-26 എണ്ണം. പയ്യന്നൂരിൽ 21 എണ്ണവും തലശ്ശേരിയിൽ 17 എണ്ണവും കട്ടപ്പുറത്താണ്. സ്പെയർപാർട്സുകളുടെ അഭാവമാണ് ഇതിനുകാരണം.

ടയറുകൾ ഉൾപ്പെടെ ആവശ്യമായ സാധനങ്ങൾ ഒരു ഡിപ്പോയിലേക്കും എത്തുന്നില്ലെന്ന് അധികൃതർ പറയുന്നു. ചെറിയ അളവിലാണ് സ്പെയർ പാർട്സുകൾ എത്തിക്കുന്നത്. ഇവ ഉപയോഗിച്ച് സർവീസ് നടത്തിക്കൊണ്ടിരിക്കുന്ന ബസ്സുകളുടെ തകരാറുകൾ പരിഹരിക്കുകയാണ് ചെയ്യുന്നത്. ടയറുകളുടെ ക്ഷാമമാണ് മിക്ക ഡിപ്പോകളിലെയും പ്രധാന പ്രശ്നം. ബസ്സുകൾ ബ്രേയ്ക്ക് കഴിഞ്ഞ് ഇറക്കാനാവശ്യമായ പാർട്സുകൾപോലും ലഭിക്കുന്നില്ലെന്ന് ജീവനക്കാർ പറയുന്നു.

വിവിധ ഡിപ്പോകളിൽ ഡ്രൈവർമാരുടെ എണ്ണത്തിൽ കുറവുണ്ടെങ്കിലും ബസ്സുകൾ നിരത്തിലിറങ്ങാത്തതിനാൽ അത് കാര്യമായി ബാധിക്കുന്നില്ല. ബസ്സുകളുടെ കുറവിനെത്തുടർന്ന് ഗ്രാമീണറൂട്ടുകളിലേക്കുള്ള സർവീസുകളാണ് പ്രധാനമായും റദ്ദാക്കപ്പെടുന്നത്. ചെയിൻ സർവീസുകളെയും ബസ്സുകളുടെ അഭാവം കാര്യമായി ബാധിക്കുന്നുണ്ട്. കണ്ണൂർ-പയ്യന്നൂർ ചെയിൻ സർവീസ് നിർത്തിയ അവസ്ഥയിലാണ്. ലാഭ-നഷ്ടം നോക്കാതെ നടത്തണമെന്ന് ഉത്തരവിറക്കിയ സർവീസാണ് നിർത്തിയത്.

സൂചനാ പണിമുടക്കുമായി തൊഴിലാളികൾ രംഗത്ത്

കെ.എസ്.ആർ.ടി.സി.യിലെ വിവിധ പ്രശ്നങ്ങൾ പരിഹരിക്കണമെന്നാശ്യപ്പെട്ട് ട്രാൻസ്പോർട്ട് ഡെമോക്രാറ്റിക് ഫെഡറേഷന്റെ നേതൃത്വത്തിൽ നവംബർ നാലിന് സൂചനാ പണിമുടക്ക് നടത്തും. കട്ടപ്പുറത്തിരിക്കുന്ന ബസ്സുകൾ നിരത്തിലിറക്കുക, വാടക ബസ്സുകൾ ഒഴിവാക്കുക, സ്വകാര്യവത്കരണനീക്കം അവസാനിപ്പിക്കുക, ശമ്പളം കൃത്യമായി നൽകുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക് നടത്തുക. സംസ്ഥാനവ്യാപകമായി 24 മണിക്കൂറാണ് പണിമുടക്ക്.