കൂത്തുപറമ്പ്: വിവിധ സംഘടനകളുടെ സമരങ്ങളും നിവേദനങ്ങൾക്കും ഒടുവിൽ ഫലംകണ്ടു. താഴെ കായലോട്-പറമ്പായി-ചേരിക്കമ്പനി റോഡിന്റെ മെക്കാഡം ടാറിങ്ങ് പുരോഗമിക്കുന്നു. രണ്ട് വർഷത്തോളമായി റോഡ് പൂർണമായും തകർന്ന് കിടക്കുകയായിരുന്നു.

പിണറായി ആസ്പത്രി-കേളാലൂർ-അറത്തിൽകാവ്- പന്തക്കപ്പാറ-കമ്പൗണ്ടർഷാപ്പ് വരെയുള്ള ഏഴ് കിലോമീറ്ററും താഴെ കായലോട്-പറമ്പായി-ചേരികമ്പിനി വരെയുള്ള മൂന്നരകിലോമീറ്റർ ഉൾപ്പെടെ പത്തര കിലോമീറ്റർ റോഡാണ് മെക്കാഡം ടാർ ചെയ്യുന്നത്. ഓവുചാൽ ഉൾപ്പെടെ എട്ട് മീറ്റർ വീതിയുണ്ട് റോഡിന്. അഞ്ചര മീറ്റർ വീതിയിൽ ടാറിങ്ങ് നടത്തും.

വിവിധസ്ഥലങ്ങളിലായി നാലര കിലോമീറ്റർ നീളത്തിൽ ഓവുചാലുകളും നടപ്പാതയുമുണ്ട്. പഴയ പാലങ്ങളുടെ പുതുക്കിപ്പണിയലും പുതിയ കലുങ്കുകളുടെ നിർമാണവും പൂർത്തിയായിവരികയാണ്. പ്രധാനപ്പെട്ട നാൽപത് സ്ഥലങ്ങളിൽ സീബ്രാവരകളും മുന്നറിപ്പ് ദിശാ ബോർഡുകളും സ്ഥാപിക്കും. കേന്ദ്ര റോഡ് ഫണ്ടിൽനിന്നും പതിനാല് കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്.

ദേശീയപാതാ ഉപവിഭാഗം ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിലാണ് റോഡ് പ്രവൃത്തി പുരോഗമിക്കുന്നത്.