കൂത്തുപറമ്പ്: ജയിൽസുരക്ഷയ്ക്ക് സർക്കാർ പ്രധാന പരിഗണനയാണ് നൽകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കൂത്തുപറമ്പ് സ്പെഷ്യൽ സബ്ജയിലിന് തറക്കല്ലിട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തടവുകാരെ കോടതികളിലേക്ക് കൊണ്ടുപോകുന്നതിനുപകരം വീഡിയോ കോൺഫറൻസിങ്‌ സംവിധാനം എല്ലാ പ്രധാന ജയിലുകളിലേക്കും വ്യാപിപ്പിക്കും. പ്രധാന ജയിലുകളിലെ ഒഴിഞ്ഞുകിടക്കുന്ന തസ്തികകൾ നികത്തുന്നതിനുള്ള നടപടികൾ വേഗത്തിലാക്കുകയാണ്. സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി ഇ ഫയലിങ്‌, ഇ പ്രിസൺ സോഫ്റ്റ്‌വെയർ എന്നീ സംവിധാനങ്ങളും നടപ്പാക്കും- മുഖ്യമന്ത്രി പറഞ്ഞു.

ആരോഗ്യമന്ത്രി കെ.കെ.ശൈലജ അധ്യക്ഷയായി. കെ.മുരളീധരൻ എം.പി., കെ.കെ.രാഗേഷ് എം.പി, ജയിൽ ഡി.ജി.പി. ഋഷിരാജ് സിങ്‌, നഗരസഭാ ചെയർമാൻ എം.സുകുമാരൻ, ഉത്തരമേഖലാ ജയിൽ ഡി.ഐ.ജി. എം.കെ.വിനോദ് കുമാർ, ജില്ലാ ജഡ്ജി ടി.ഇന്ദിര, പി.ഡബ്ല്യു.ഡി. സുപ്രണ്ടിങ്‌ എൻജിനീയർ സൈജമോൾ എൻ.ജേക്കബ്, നഗരസഭാ സ്ഥിരംസമിതി അധ്യക്ഷൻ കെ.വി.രജീഷ്, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു.