കൂത്തുപറമ്പ് : നഗരസഭയുടെ കീഴിലുള്ള കോവിഡ് പ്രാഥമിക പരിചരണകേന്ദ്രം പ്രവർത്തന സജ്ജമായി. തൊക്കിലങ്ങാടി ക്രിസ്തുരാജ് സ്കൂൾ ഓഫ് നഴ്സിങ്, നിർമലഗിരി റാണിജയ് ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലാണ് കേന്ദ്രം പ്രവർത്തിക്കുക. ആദ്യഘട്ടത്തിൽ 200 കിടക്കകളാണ് ഒരുക്കിയിട്ടുള്ളത്.

കൂടുതൽ കിടക്കകൾ ഒരുക്കാനുള്ള ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. മുഴുവൻ വാർഡുകളിലും 50 കിടക്കകൾ വീതമുള്ള കേന്ദ്രങ്ങൾ സജ്ജീകരിക്കാനാണ് നഗരസഭാതല അവലോകനയോഗം തീരുമാനിച്ചത്. ഇതിനുള്ള പ്രവർത്തനങ്ങളും നടന്നുവരികയാണ്. സമ്പർക്കത്തിലൂടെ രോഗവ്യാപനം കൂടിവരുന്ന സാഹചര്യത്തിൽ രണ്ട് കേന്ദ്രങ്ങൾ അടിയന്തരമായി ഒരുക്കുകയായിരുന്നു. നഗരസഭാ ചെയർമാൻ എം. സുകുമാരൻ, സെക്രട്ടറി കെ.കെ. സജിത്ത് കുമാർ, ഹെൽത്ത് ഇൻസ്പെക്ടർ പി. ബാബു എന്നിവരുടെ നേതൃത്വത്തിലാണ് പ്രവർത്തനം. സന്നദ്ധ സംഘടനകളുടെയും വ്യാപാരി സംഘടനകളുടെയും സഹായത്തോടെയാണ് കേന്ദ്രങ്ങളൊരുക്കിയത്.