കൂത്തുപറമ്പ് : സമ്പർക്കത്തിലൂടെ രോഗവ്യാപനമുണ്ടായ കോട്ടയം പഞ്ചായത്തിൽ നടപടികൾ ശക്തമാക്കി. കിണവക്കൽ ടൗണിൽ ലോക്ക്‌ ഡൗൺ ഏർപ്പെടുത്തിയതോടൊപ്പം കപ്പാറമുതൽ വെള്ളപ്പന്തൽവരെയുള്ള റോഡുകളും അധികൃതർ അടച്ചു. കഴിഞ്ഞ ഏതാനും ദിവസത്തിനിടെ നിരവധി പേർക്ക് സമ്പർക്കത്തിലൂടെ രോഗവ്യാപനമുണ്ടായ സാഹചര്യത്തിലാണ് കോട്ടയം പഞ്ചായത്തിൽ നിയന്ത്രണങ്ങൾ ശക്തമായത്. കിണവക്കൽ ടൗൺ പൂർണമായും അടച്ചിട്ടതോടൊപ്പം കപ്പാറ, കമ്പിത്തൂൺ, അലവിപ്പീടിക ഭാഗങ്ങളിലും നിയന്ത്രണങ്ങൾ ശക്തമാക്കി.

കൂത്തുപറമ്പ്-അഞ്ചരക്കണ്ടി റോഡിലെ കപ്പാറ മുതൽ വെള്ളപ്പന്തൽ വരെയുള്ള ഭാഗം പൂർണ്ണമായും അടച്ചു. ഈ ഭാഗത്തെ ചെറു റോഡുകളും അടച്ചിട്ടുണ്ട്. കിണവക്കൽ സ്വദേശിനിയായ സ്ത്രീക്കാണ് സമ്പർക്കത്തിലൂടെ ആദ്യം രോഗം സ്ഥിരീകരിച്ചത്. പിന്നീട് ഇവരുടെ രണ്ടു മക്കൾക്കും കോവിഡ് പോസിറ്റീവ് രേഖപ്പെടുത്തുകയായിരുന്നു. കഴിഞ്ഞ രണ്ട്‌ ദിവസങ്ങളിലായാണ് അലവിപ്പീടിക ഭാഗത്തെ മൂന്ന് പേർക്ക് സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായത്. പ്രദേശം ഹോട്ട് സ്പോട്ടായി പ്രഖ്യാപിച്ചതോടൊപ്പം പ്രതിരോധപ്രവർത്തനങ്ങളും ഊർജിതമാക്കി.