കൂത്തുപറമ്പ് : കൂത്തുപറമ്പ് നഗരസഭയിൽ വയോജനങ്ങൾക്ക് പകൽസമയങ്ങളിൽ ഒത്തുചേരാൻ വിശ്രമകേന്ദ്രങ്ങളില്ല. സമീപ പഞ്ചായത്തുകളായ മാങ്ങാട്ടിടം, പാട്യം, ചിറ്റാരിപ്പറമ്പ്, കോട്ടയം എന്നിവിടങ്ങിൽ വയോജനങ്ങൾക്കായി 'പകൽവീട്' സംവിധാനങ്ങൾ ഫലപ്രദമായി നടപ്പാക്കുമ്പോഴാണ് കൂത്തുപറമ്പിൽ ഈ ദുരവസ്ഥ. നഗരസഭയിൽ പതിനായിരത്തോളം വയോജനങ്ങൾ ഉണ്ടെന്നാണ് കണക്ക്.

15 വർഷങ്ങൾക്ക് മുമ്പ് കൂത്തുപറമ്പ് ബസ് സ്റ്റാൻഡ് കെട്ടിടത്തിന് മുകളിലെ പഴയ നഗരസഭാ ഓഫീസിനോടുചേർന്ന് വയോജന വിശ്രമകേന്ദ്രം പ്രവർത്തിച്ചിരുന്നു. വിശ്രമിക്കാനായി കട്ടിലുകളും കിടക്കകളും വിനോദത്തിനായി ടെലിവിഷനും കാരംബോർഡും കേന്ദ്രത്തിൽ ഒരുക്കിയിരുന്നു. കെട്ടിടത്തിന്റെ മൂന്നാംനിലയിൽ പ്രവർത്തിച്ചതിനാൽ ക്രമേണ കേന്ദ്രത്തിലെത്തുന്നവരുടെ എണ്ണം കുറഞ്ഞു. നഗരസഭാ ഓഫീസ് മാറ്റിസ്ഥാപിച്ചതോടെ കേന്ദ്രം ഉപേക്ഷിച്ചു. തുടർന്ന് കണിയാർക്കുന്നിൽ ആയുർവേദ ആസ്പത്രിയോടുചേർന്ന് വയോജന വിശ്രമകേന്ദ്രം പ്രവർത്തനം തുടങ്ങി. എന്നാൽ അടിസ്ഥാനസൗകര്യങ്ങളില്ലാത്തതും നഗരത്തിൽനിന്ന് ദൂരക്കൂടുതലും കാരണം നാമമാത്രമായവർമാത്രമെ കേന്ദ്രത്തെ പ്രയോജനപ്പെടുത്തിയുള്ളൂ.

പിന്നീട് 25-ാം വാർഡിൽ വയോമിത്രം പദ്ധതിക്കായി കെട്ടിടത്തെ വിട്ടുനൽകേണ്ടിയുംവന്നു. ഇന്ന് നഗരത്തിലെത്തുന്നവർക്ക് വിശ്രമിക്കാനായി മിനി പാർക്കും മാറോളിഘട്ട് ടൗൺ സ്ക്വയറും മാത്രമേ പൊതു ഇടങ്ങളായുള്ളൂ. തുറസ്സായ സ്ഥലങ്ങളായതിനാൽ മഴയും വെയിലു മേൽക്കേണ്ടിയുംവരും. പെൻഷൻകാർ ഒത്തുകൂടിയ ഇടം കോടതി റോഡ് നിർമാണത്തോടനുബന്ധിച്ച് പൊളിച്ചുനീക്കിയതിനെ കുറിച്ച് മാതൃഭൂമി റിപ്പോർട്ട് ചെയ്തിരുന്നു. നേരത്തെ കൂത്തുപറമ്പ് ഐ.ബി. കെട്ടിടത്തിൽ വയോജന വിശ്രമകേന്ദ്രം സ്ഥാപിക്കാൻ നഗരസഭ തീരുമാനമെടുത്തിരുന്നു. പ്രാരംഭപ്രവർത്തനങ്ങൾ പൂർത്തിയായെങ്കിലും തീരുമാനം ഫലംകണ്ടില്ല. നവീകരണം നടക്കുന്ന നഗരസഭാ സ്റ്റേഡിയം കോംപ്ലക്സിൽ എല്ലാ സൗകര്യങ്ങളോടുംകൂടി വിശ്രമകേന്ദ്രം സ്ഥാപിക്കണമെന്നാണ് വയോജനങ്ങളുടെ ആവശ്യം.