കൂത്തുപറമ്പ്: 35 വർഷം കൂത്തുപറമ്പിലെ പെൻഷൻകാർ തങ്ങളുടെ സന്തോഷവും സങ്കടവും പങ്കുവെച്ച പൊതു ഇടമായ ‘പെൻഷനേഴ്സ് ബെഞ്ച്’ ഇനിയില്ല. സബ് ട്രഷറിക്കും എ.ഇ.ഒ. ഓഫീസിനും ഇടയിലായി പെൻഷൻകാർ ഒത്തുചേർന്നിരുന്ന സ്ഥലം കൂത്തുപറമ്പ് മുൻസിഫ് കോടതിയിലേക്കുള്ള പുതിയ റോഡ് നിർമാണവുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം പൊളിച്ചുനീക്കിയപ്പോഴാണ് ഇടം എന്നന്നേക്കുമായി നഷ്ടമായത്. കോവിഡ് ഭീഷണിക്ക് മുൻപുവരെ മുടങ്ങാതെ എല്ലാ ദിവസങ്ങളിലും അംഗങ്ങൾ ഇവിടെ ഒത്തുചേർന്നിരുന്നു. കോവിഡ് കഴിഞ്ഞാൽ വീണ്ടും ഒത്തുചേരാമെന്ന പ്രതീക്ഷയാണ് നഷ്ടമായത്.

1975-ലാണ് കൂത്തുപറമ്പിലെയും പരിസര പ്രദേശങ്ങളിലെയും സർക്കാർ, സർക്കാരിതര ജീവനക്കാർ ചേർന്ന് ഗവ. എംപ്ലോയീസ് റിക്രിയേഷൻ ക്ലബ്ബ് തുടങ്ങിയത്. ജോലിഭാരത്തിനിടയിലെ മാനസിക പിരിമുറുക്കം കുറയ്ക്കാനായിരുന്നു ക്ലബ്ബ്. ഈ സമയം പെൻഷൻകാരുടെ കൂട്ടായ്മയും ഉണ്ടായിരുന്നു. കാലക്രമേണ പെൻഷൻകാർ മാത്രമായി കൂട്ടായ്മ മാറുകയായിരുന്നു. ആദ്യകാലത്ത് നിലവിലെ മിനി പാർക്കിന്റെ സ്ഥലത്തായിരുന്നു ഇവർ സായാഹ്നങ്ങളിൽ സംഗമിച്ചിരുന്നത്. പാർക്ക് പ്രവർത്തനം തുടങ്ങിയതോടെ ഗവ. എംപ്ലോയീസ് റിക്രിയേഷൻ ക്ലബ്ബിന് മുമ്പിലുള്ള ഇരിപ്പിടത്തിലായി കൂടിച്ചേരൽ. ക്ലബ്ബ് കെട്ടിടം നേരത്തെ റവന്യൂവകുപ്പ് ഏറ്റെടുത്തിരുന്നു.

56 മുതൽ 85 വയസ്സുവരെയുള്ള 25 ഓളം പേർ പെൻഷനേഴ്സ് കൂട്ടായ്മയിലുണ്ട്. വൈകീട്ട് അഞ്ചുമുതൽ രാത്രി ഒൻപതുവരെയാണ് ഈ ഒത്തുചേരൽ. പെൻഷൻകാരുടെ ആവശ്യങ്ങളോടൊപ്പം ആനുകാലിക രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക വിഷയങ്ങൾ ഒത്തുചേരലിൽ ചർച്ച ചെയ്തിരുന്നു. വിവിധ രാഷ്ട്രീയപാർട്ടികളിൽ വിശ്വസിക്കുന്നവരുണ്ടായിട്ടും കൂട്ടായ്മയിൽ ഇതുവരെ പ്രയാസമുണ്ടായിട്ടില്ലെന്ന് അംഗങ്ങൾ പറഞ്ഞു. വയോജനങ്ങളുടെ കൂട്ടായ്മയിൽ അധ്യാപകനും സിനിമാസംവിധായകനുമായ ടി. ദീപേഷും പങ്കാളിയാണ്. ഗവ. എംപ്ലോയീസ് റിക്രിയേഷൻ കെട്ടിടത്തിൽ ദീപേഷ് വരച്ച നിഴൽച്ചിത്രങ്ങൾ ഏറെ ശ്രദ്ധയാകർഷിച്ചിരുന്നു.

പുതിയ റോഡ് നിർമാണം

കൂത്തുപറമ്പ് മുൻസിഫ് കോടതിയിലേക്കുള്ള പുതിയ റോഡ് നിർമിക്കുന്നതോടെയാണ് ‘പെൻഷനേഴ്സ് ബെഞ്ച്’ ഇല്ലാതായത്. നിർദിഷ്ട സബ് ജയിൽ നിർമാണത്തിന്റെ മുന്നോടിയായാണ് കോടതിയിലേക്ക് പുതിയ റോഡ് നിർമിക്കുന്നത്. റോഡ് നിർമാണം പൂർത്തിയാകുന്നതോടെ സബ് ജയിൽ നിർമാണം ആരംഭിക്കാനാകും. ഏറെ നാളത്തെ അനിശ്ചിതത്വത്തിനുശേഷമാണ് പുതിയ റോഡിന്റെ നിർമാണം. സബ് ജയിൽ നിർമാണം ആരംഭിക്കുന്നതോടെ നിലവിലുള്ള റോഡ് ഇല്ലാതാകുന്ന സാഹചര്യത്തിലാണ് പുതിയ റോഡിന്റെ നിർമാണം. അഞ്ചുമാസം മുൻപ് മുഖ്യമന്ത്രി പിണറായി വിജയൻ സബ് ജയിലിന് തറക്കല്ലിട്ടിരുന്നെങ്കിലും നിർമാണം ആരംഭിക്കാൻ സാധിച്ചിരുന്നില്ല. കോടതിയിലേക്ക് ബദൽ റോഡ് നിർമിക്കാൻ വൈകുന്നതായിരുന്നു ജയിൽ നിർമാണത്തിന് തടസ്സമായത്. ഇത് സംബന്ധിച്ച് ഹൈക്കോടതിയിലും പരാതി നിലനിന്നിരുന്നു. സ്ഥലം എം.എൽ.എ. കൂടിയായ മന്ത്രി കെ.കെ. ശൈലജയുടെ ഇടപെടലിനെ തുടർന്ന് റവന്യു വകുപ്പ് മൂന്നേമുക്കാൽ സെന്റ്‌ സ്ഥലം അനുവദിച്ചതോടെയാണ് തടസ്സങ്ങൾ നീങ്ങിയത്. പഴയ ഗവ. എംപ്ലോയീസ് റിക്രിയേഷൻ ക്ലബ്ബ് നിലനിന്നിരുന്ന സ്ഥലം റോഡ് നിർമാണത്തിനുവേണ്ടി വിട്ടുനൽകിയിരുന്നു. പഴയ കെട്ടിടം പൊളിച്ചാണ് റോഡ് നിർമിക്കുന്നത്. ഗതാഗതക്കുരുക്കിൽപ്പെടാതെ മുൻസിഫ് കോടതിയിലേക്ക് എളുപ്പത്തിൽ എത്താവുന്ന റോഡായി ഇത് മാറും.

കൂട്ടായ്മയിൽ ഇവർ

:പി.വി. ബാലകൃഷ്ണൻ, ഇ.പി. മൊയ്തീൻ കുട്ടി, എൻ. വാസുദേവൻ, മണ്ടോടി വാസു, ടി.എം. ധനഞ്ജയൻ, എൻ. സുകുമാരൻ, ടി.എം. പുരുഷു, എൻ.കെ. ശ്രീനിവാസൻ, ബി. കുമാരൻ, കെ.വി. ബാലകൃഷ്ണൻ, കെ. പദ്മനാഭൻ, മാട്ടങ്കോട്ട് രാഘവൻ, വി. വിദ്യാധരൻ, എം. മോഹനൻ, കെ. കരുണാകരൻ, എം.വി. മോഹനൻ, വി. ഉണ്ണികൃഷ്ണൻ, എ. പ്രേംകുമാർ, കെ. ജയരാജൻ, ടി. ദീപേഷ്.