കൂത്തുപറമ്പ് : കണ്ണൂർ-കൂത്തുപറമ്പ് റോഡിലെ കിണവക്കലിലൂടെയുള്ള വാഹനയാത്ര ദുഷ്കരമായി. ഒറവയൽഭാഗത്തുനിന്നുള്ള വെള്ളം പ്രധാനറോഡിലേക്ക് ഒഴുകിയെത്തുന്നതാണ് പ്രയാസമാകുന്നത്. രണ്ടുവർഷം മുൻപ് ലക്ഷങ്ങൾ ചെലവഴിച്ച് നവീകരിച്ച പ്രധാന റോഡാണ് യാത്രക്കാർക്ക് ദുരിതംവിതയ്ക്കുന്നത്. കിണവക്കൽ ടൗണിൽനിന്ന്‌ പുറക്കളം ഭാഗത്തേക്കുള്ള കാൽനടയാത്രപോലും അസാധ്യമായിരിക്കയാണ്. ഒറവയൽഭാഗത്തുനിന്ന്‌ ചന്തു വൈദ്യർ റോഡിലൂടെ ഒഴുകിയെത്തുന്ന വെള്ളം റോഡിൽ കെട്ടിനിൽക്കുകയാണ്. വാഹനങ്ങൾ കടന്നുപോകുമ്പോൾ ചെളി തെറിക്കുന്നതിനാൽ ഇരുചക്ര വാഹനം ഉൾപ്പെടെയുള്ള ചെറുവാഹനങ്ങൾ പ്രയാസപ്പെട്ടാണ് കടന്നുപോകുന്നത്. റോഡിലെ കുഴിയിൽവീണ് ചെറുവാഹനങ്ങൾ അപകടത്തിൽപ്പെടുന്നതും പതിവാണ്. ഫൂട്പാത്തിൽ സ്ഥിരമായി വെള്ളംകെട്ടിനിൽക്കുന്നതിനാൽ റോഡിൽ വഴുതിവീഴുന്നവരുടെ എണ്ണവും കൂടിയിട്ടുണ്ട്.

ഒറവയൽഭാഗത്തുനിന്നെത്തുന്ന വെള്ളം ഓവുചാലിലേക്ക് കടക്കാതെ മെയിൻ റോഡിലേക്കാണ് ഒഴുകിയെത്തുന്നത്. അശാസ്ത്രീയമായ റോഡ് നിർമാണമാണ് സംസ്ഥാന പാതയിൽ വെള്ളക്കെട്ട് രൂപപ്പെടാൻ ഇടയാക്കിയതെന്ന് നാട്ടുകാർ ആരോപിച്ചു.