കൂത്തുപറമ്പ് : പറമ്പായി കുട്ടിച്ചാത്തൻ മഠത്തിനുസമീപം ഫുട്ബോൾ കളിച്ചതിന് 25 പേർക്ക് പിഴയടക്കാൻ പോലീസ് നിർദ്ദേശം. വെള്ളിയാഴ്ച വൈകുന്നേരമാണ് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പിണറായി പോലീസ് പരിശോധന നടത്തിയത്. പോലീസിനെ കണ്ട് ഓടിയവർ ഫോൺ എടുക്കാൻ മറന്നു. തുടർന്ന് പോലീസ് ഫോൺ കസ്റ്റഡിയിലെടുത്തു. സാമൂഹിക അകലം പാലിക്കാത്തതിനും വിലക്ക് ലംഘിച്ച് ഫുട്ബോൾ കളിച്ചതിനും സ്റ്റേഷനിൽ എത്തി പിഴ അടയ്ക്കാൻ പോലീസ് നിർദ്ദേശിച്ചിട്ടുണ്ട്. പിണറായി പോലീസ് സ്റ്റേഷൻ പരിധിയിൽ കൂട്ടംകൂടിയുള്ള കായിക വിനോദങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.

സ്റ്റേഷൻ പരിധിയിലെ ചിലയിടങ്ങളിൽ സമ്പർക്കത്തിലൂടെ കൊറോണ വ്യാപനം ഉണ്ടായ സാഹചര്യത്തിലാണ് പോലീസ് കൂടുതൽ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കുന്നത്. ജനങ്ങൾ കൂടിച്ചേരാനുള്ള എല്ലാ സാധ്യതകളും പോലീസ് നിയന്ത്രണത്തിലാക്കി വരികയാണിപ്പോൾ. ചെറിയ കുട്ടികളെ ഇത്തരത്തിൽ കണ്ടാൽ കുട്ടികളുടെ രക്ഷിതാക്കൾക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്നും കളിസ്ഥലങ്ങളിൽനിന്ന് പിടിക്കപ്പെടുന്ന വാഹനങ്ങൾ, മൊബൈൽ ഫോൺ എന്നിവ കസ്റ്റഡിയിലെടുക്കുമെന്നും വിലക്ക് ലംഘിക്കുന്നവർക്കെതിരേ നിയമ നടപടികൾ സ്വീകരിക്കുമെന്നും എസ്.ഐ. കെ.വി.ഉമേഷ് പറഞ്ഞു