കൂത്തുപറമ്പ് : എട്ടുവർഷം തരിശായിക്കിടന്ന രണ്ടരയേക്കർ വയലിന്റെ മുഖച്ഛായ രാജൻ മാഷും അദ്ദേഹത്തിന്റെ മരതകം കൃഷി കൂട്ടായ്മയും മാറ്റിയെടുത്തു. കോവിഡ് കാലത്ത് സ്കൂളിൽനിന്ന് വിരമിച്ച രാജൻ കുന്നുമ്പ്രോൻ അടുത്തദിവസംതന്നെ കൈതേരി ഇടംവയലിൽ കൃഷി ചുമതലയേറ്റെടുക്കുകയായിരുന്നു.

വിളവെടുപ്പ് മാങ്ങാട്ടിടം പഞ്ചായത്ത് പ്രസിഡന്റ് കെ.ലസിത ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വൈസ് പ്രസിഡന്റ് എം.കെ.കൃഷ്ണൻ, കൃഷി അസി. ഡയരക്ടർ ഇ.കെ.അജിമോൾ, വാർഡംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

ജൈവികമായി ഉത്പാദിപ്പിച്ച പച്ചക്കറി വാങ്ങാൻ ഒട്ടേറെ നാട്ടുകാർ എത്തി. സംസ്ഥാനത്തെ മികച്ച സീഡ് വിദ്യാലയ പുരസ്കാരം തൊക്കിലങ്ങാടി കൂത്തുപറമ്പ് എച്ച്.എസ്.എസിന് നേടിക്കൊടുത്ത അധ്യാപകനാണ് രാജൻ കുന്നുമ്പ്രോൻ. സംസ്ഥാനത്തെ മികച്ച കാർഷികവിദ്യാലയ പുരസ്കാരവും ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ നേടിയിരുന്നു. മാങ്ങാട്ടിടം പഞ്ചായത്ത് കൃഷിഭവനും എല്ലാ പിന്തുണയും നൽകി മരതകം കൂട്ടായ്മയോടൊപ്പമുണ്ട്.

വി വി.സുധാകരൻ, കെ.കെ.സതീശൻ, മുല്ലോളി സുധാകരൻ, കെ.പി.ബാബുരാജൻ, കുന്നുമ്പ്രോൻ രമേശൻ എന്നിവരും കുടുംബാഗങ്ങളുമാണ് മരതകം കൂട്ടായ്മയിലെ മറ്റംഗങ്ങൾ.