കൂത്തുപറമ്പ് : വേങ്ങാട് പഞ്ചായത്തിലെ കോവിഡ് ഫസ്റ്റ് ലെവൽ ട്രീറ്റ്മെന്റ് സെന്റർ പ്രവർത്തനസജ്ജമായി. വേങ്ങാട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ അടുത്തകാലത്ത് നിർമിച്ച പ്രധാന കെട്ടിടത്തിലാണ് ആദ്യഘട്ടത്തിൽ 50 ബെഡുകളുള്ള താത്കാലിക ചികിത്സാകേന്ദ്രം ഒരുക്കിയത്. നൂറ്്‌ കിടക്കകൾവരെ ഒരുക്കാൻ സൗകര്യമുള്ളതാണ് പുതിയ കെട്ടിടം.

ഒരു മുറിയിൽ ഒൻപത് കിടക്കകൾവരെയാണ് സജ്ജീകരിച്ചിട്ടുള്ളത്. കട്ടിൽ, കിടക്ക, തലയണ, വിരി, എന്നിവയോടൊപ്പം ബക്കറ്റ്, മഗ്ഗ്, സോപ്പ്, പേസ്റ്റ് എന്നിവയും കേന്ദ്രത്തിൽ ഒരുക്കുന്നുണ്ട്. കട്ടിൽ, കിടക്ക എന്നിവ പഞ്ചായത്ത് ഫണ്ടുപയോഗിച്ചാണ് വാങ്ങിയത്. മറ്റുള്ളവ വിവിധ സാമൂഹിക, സന്നദ്ധ സംഘടനകൾ, രാഷ്ട്രീയപാർട്ടികൾ എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിക്കുകയായിരുന്നു.

ഡോക്ടേഴ്സ് റൂം, നഴ്സിങ്‌റൂം, പരിശോധനാമുറി, ഫാർമസി, എന്നിവയും ചികിത്സാകേന്ദ്രത്തോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്. പഞ്ചായത്ത് പ്രസിഡന്റ് സി.പി. അനിത, വൈസ് പ്രസിഡന്റ് കെ. മധുസൂദനൻ, സ്ഥിരംസമിതി അംഗം എ. രവീന്ദ്രൻ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സെന്ററിന്റെ ഒരുക്കങ്ങൾ നടക്കുന്നത്.