കൂത്തുപറമ്പ് : മുക്കം മുത്തേരിയിൽ വയോധികയെ ഓട്ടോറിക്ഷയിൽ കയറ്റിക്കൊണ്ടുപോയി സ്വർണാഭരണങ്ങൾ കവർന്ന് പീഡിപ്പിച്ച കേസിലെ പ്രതിയെ കൂത്തുപറമ്പിലെത്തിച്ച് തെളിവെടുപ്പ് നടത്തി. കൊണ്ടോട്ടി നെടിയിരിപ്പ് കാവുങ്ങൽ നമ്പില്ലത്ത് വീട്ടിൽ മുജീബ് റഹ്‌മാനെ (45)യാണ് മംഗലോട്ടുംചാലിലെ ഭാര്യാവീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയത്.

ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് പ്രതിയെ തെളിവെടുപ്പിനായി കൊണ്ടുവന്നത്. മുക്കം എസ്.ഐ കെ. ഷാജിദിന്റെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്. കൂത്തുപറമ്പ് സ്റ്റേഷനിലെ എ.എസ്.ഐ. വി.കെ. അനിൽകുമാറും സംഘത്തിനൊപ്പമുണ്ടായിരുന്നു.

ഇയാൾ നേരത്തെ ഇടയ്ക്ക് ഈ വീട്ടിൽ വരാറുണ്ടെന്ന വിവരത്തെ തുടർന്നാണ് ഇവിടെ എത്തിച്ച് തെളിവെടുപ്പ് നടത്തിയതെന്ന് പോലീസ് പറഞ്ഞു. ദൃശ്യങ്ങൾ പകർത്തിയതിന് മാധ്യമപ്രവർത്തകരെ ഇയാൾ തെറിവിളിക്കുകയും തനിക്ക് കൊറോണ ഉണ്ടെന്നു പറഞ്ഞ് മാധ്യമപ്രവർത്തകരുടെ നേരെ തുപ്പുകയും ചെയ്തു. മുക്കത്ത്‌ തെളിവെടുപ്പിനായി എത്തിച്ചപ്പോഴും ഇയാൾ മാധ്യമപ്രവർത്തകരെ തെറിവിളിച്ചിരുന്നു. വീട്ടിൽ ഇയാൾ കൊണ്ടുവെച്ച ഒരു സ്കൂട്ടർ പോലീസ് കസ്റ്റഡിയിലെടുത്തു. ഭാര്യയോട് വിവരങ്ങൾ ചോദിച്ചറിഞ്ഞ് മുക്കാൽമണിക്കൂറിനുശേഷം പോലീസ് സംഘം തിരിച്ചുപോയി.

നിലവിൽ കോഴിക്കോട് ചേവരമ്പലത്ത് വാടകയ്ക്ക് താമസിച്ച് വരികയാണിയാൾ.

സമാനമായതും കവർച്ചാകേസുകളും ഉൾപ്പെടെ സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളിലായി നിരവധി കേസുകളിൽ പ്രതിയാണ് മുജീബ് റഹ്‌മാനെന്ന് പോലീസ് പറഞ്ഞു. മോഷ്ടിച്ച ഓട്ടോയിൽ കറങ്ങിനടന്ന് പുലർച്ചെയും രാത്രികാലങ്ങളിലും കവർച്ച നടത്തുകയാണ് ഇയാളുടെ രീതി. ഒറ്റപ്പെട്ട സ്ഥലങ്ങളിൽനിന്ന് സ്ത്രീകളെ ഓട്ടോയിൽ കയറ്റിയശേഷം യാത്രാമധ്യേ ആക്രമിച്ച് അവശരാക്കി ക്രൂരമായി പീഡിപ്പിക്കുകയും പിന്നീട് ആഭരണങ്ങൾ കവർന്ന് അവരെ വിജനമായ സ്ഥലത്ത് ഉപേക്ഷിച്ച് കടന്നുകളയുന്നതുമാണ് രീതി. പരാതി പറയാൻ സ്ത്രീകൾ മടിക്കുന്നതിനാൽ മാത്രമാണ് പല കേസുകളിലും ഇയാൾ വഴുതിപ്പോവുന്നത്. തലശ്ശേരിയിൽവെച്ച് ഒരു ഓട്ടോ കവർന്നതിനും കൊണ്ടോട്ടിയിൽ ഒരു വീടിന്റെ വാതിൽ കത്തിച്ച് കവർച്ച നടത്തിയ കേസിലും ഇയാൾ പ്രതിയാണ്.