കൂത്തുപറമ്പ് : വേനൽക്കാലം കോട്ടയം പഞ്ചായത്തുകാർക്ക് ദുരിത കാലമാണ്. കുടിവെള്ളത്തിനായി വീട്ടുകാർ നെട്ടോട്ടമോടുന്ന കാലം. എന്നാൽ നാളുകളായി ഇവിടത്തുകാർ അനുഭവിച്ചിരുന്ന ജലക്ഷാമത്തിന് ശാശ്വതപരിഹാരമാകുന്നു. എല്ലാ വീടുകളിലും കുടിവെള്ളമെത്തിക്കുന്ന ജലശ്രീ പദ്ധതിയിലൂടെയാണ് പഞ്ചായത്ത് ജലസമൃദ്ധമാകുന്നത്. പദ്ധതിയുടെ ആദ്യഘട്ടം പൂർത്തീകരിച്ചു.

പഞ്ചായത്തിലുള്ള 4703 വീടുകളിലും അടുത്തവർഷത്തിനുള്ളിൽ കുടിവെള്ളമെത്തിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ആദ്യഘട്ടത്തിൽ 700 വീടുകൾക്കാണ് കുടിവെള്ള കണക്ഷൻ ലഭിച്ചത്. 400 വീടുകളിലേക്ക് കൂടി അടുത്തമാസം കണക്ഷൻ നൽകും. രണ്ടാംഘട്ട പദ്ധതിയുടെ ഭാഗമായി ഈ വർഷം അവസാനത്തോടെ 2771 വീടുകളിൽ കണക്ഷൻ നൽകും. അടുത്തവർഷം പകുതിയോടെ പദ്ധതി പൂർണമായും ലക്ഷ്യം കൈവരിക്കും. പഞ്ചായത്തിന്റെ 2018-19 വാർഷിക ബജറ്റിൽ ഉൾപ്പെടുത്തിയാണ് പദ്ധതി ആരംഭിച്ചത്. ആകെ 15 കോടി 28 ലക്ഷം രൂപയാണ് പഞ്ചായത്തിലെ വിവിധ കുടിവെള്ള പദ്ധതികൾക്കായി ചെലവഴിക്കുന്നത്. ഇതിൽ 12 കോടി എം.എൽ.എ. ഫണ്ടും 2.48 കോടി രൂപ നാഷണൽ അർബൻ മിഷൻ ഫണ്ടുമാണ്. ബാക്കി തുക പഞ്ചായത്ത് വിഹിതത്തിൽനിന്ന് ചെലവഴിക്കും. വീടുകളിലേക്ക് കുടിവെള്ളം എത്തിക്കുന്നതിനായി പൈപ്പ് കണക്ഷൻ നൽകുന്നതിന് ജലജീവൻ പദ്ധതി പ്രകാരം 50 ശതമാനം കേന്ദ്രവും 25 ശതമാനം സംസ്ഥാനവും 15 ശതമാനം പഞ്ചായത്തും വഹിക്കും. ബാക്കി 10 ശതമാനം ഉപഭോക്തൃവിഹിതമാണ്. ഒരു ഗുണഭോക്താവിന് 2000 രൂപയാണ് ഏകദേശ ചെലവ് വരിക. രണ്ടുമാസത്തേക്ക് 120 രൂപയാണ് കുടിവെള്ള വാടകയായി ഈടാക്കുന്നത്. ഫെബ്രുവരിയിൽ തന്നെ കുടിവെള്ളക്ഷാമം രൂക്ഷമാകുന്ന പഞ്ചായത്തിന് ആശ്വാസമാകുന്ന പദ്ധതിയാണിത്. മുൻ വർഷങ്ങളിൽ വരൾച്ച രൂക്ഷമായ സാഹചര്യങ്ങളിൽ കുടിവെള്ളത്തിനായി ലക്ഷങ്ങൾ ചെലവഴിക്കേണ്ട സാഹചര്യമാണുണ്ടായിരുന്നത്.