കൂത്തുപറമ്പ് : തലശ്ശേരി-വളവുപാറ കെ.എസ്.ടി.പി. റോഡിൽ കുട്ടിക്കുന്ന് ജങ്‌ഷന് സമീപത്തുള്ള ട്രാൻസ്ഫോമർ കത്തിനശിച്ചു. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് തീപ്പിടുത്തമുണ്ടായത്. നിമിഷനേരം കൊണ്ട് തന്നെ തീ ആളിപ്പടരുകയായിരുന്നു. പ്രധാന ലൈനിൽനിന്നുള്ള വൈദ്യുതി ഷോർട്ട് സർക്യൂട്ടാണ് തീപ്പിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. കൂത്തുപറമ്പ് അഗ്നിരക്ഷാസേനയുടെ അഭാവത്തിൽ മട്ടന്നൂർ അഗ്നിരക്ഷാസേനയാണ് തീ അണച്ചത്. ലീഡിങ് ഫയർമാൻ ടി.പി. രാജീവൻ, ഫയർമാൻമാരായ എം.കെ. സിജിൻ, റിനു കയ്യാലി, എം. അരുൺകുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം. അഡീഷണൽ എസ്.ഐ. ഇ. ബാബുവിന്റെ നേതൃത്വത്തിൽ കൂത്തുപറമ്പ് പോലീസും സ്ഥലത്തെത്തിയിരുന്നു. തീപ്പിടിത്തത്തെ തുടർന്ന് കൂത്തുപറമ്പ്-മട്ടന്നൂർ റോഡിൽ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു. ട്രാൻസ്ഫോർമർ പൂർണമായും കത്തിനശിച്ച നിലയിലാണുള്ളത്. പ്രദേശത്ത് വൈദ്യുതിബന്ധം സാധാരണ നിലയിലാക്കാൻ കെ.എസ്.ഇ.ബി. ബദൽ സംവിധാനം ഒരുക്കി. അടുത്ത ദിവസം ട്രാൻസ്ഫോമർ മാറ്റിസ്ഥാപിക്കും.