കൂത്തുപറമ്പ് : കൂത്തുപറമ്പ് നഗരസഭയിൽ തിങ്കളാഴ്ച കോവിഡ് സ്ഥിരീകരിച്ചത് ആമ്പിലാട് വാക്കുമ്മൽ സ്വദേശിയായ 60-കാരന്. ഇയാൾ വാക്കുമ്മലിൽ കച്ചവടം നടത്തി വരികയാണ്. കഴിഞ്ഞദിവസം കോവിഡ് സ്ഥിരീകരിച്ച അഗ്നിരക്ഷാ ജീവനക്കാരൻ ഇയാളുടെ കടയിൽനിന്നും സാധനങ്ങൾ വാങ്ങിയിരുന്നു. തുടർന്നാണ് ഇയാളെ കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയത്. ഇയാളുടെ സമ്പർക്ക പട്ടിക വിപുലമാകാനാണ് സാധ്യത. പ്രദേശത്ത് നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ ഇവ കർശനമാക്കാൻ അധികൃതർ തീരുമാനിച്ചു.

കൂത്തുപറമ്പ് : കോട്ടയം പഞ്ചായത്തിൽ കോവിഡ് സ്ഥിരീകരിച്ചത് സഹോദരങ്ങളായ 20 വയസ്സുകാരനും 23 കാരിക്കും. കതിരൂരിലെ കുടുംബവീട്ടിൽനിന്നാണ് ഇവർക്ക് കോവിഡ് ബാധിച്ചത് എന്നാണ് അധികൃതരുടെ പ്രാഥമിക നിഗമനം. ഇവരുടെ അമ്മയ്ക്ക് 18-ന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. തുടർന്നാണ് ഇവരെകൂടി സ്രവ പരിശോധനയ്ക്ക് വിധേയമാക്കിയത്.

കതിരൂർ : തിങ്കളാഴ്ച ഒമ്പത് പേർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ കതിരൂർ പഞ്ചായത്തിലെ ഒന്ന്, രണ്ട്,മൂന്ന്, നാല്, 16, 18 വാർഡുകളിൽ ഒരാഴ്ചത്തേക്ക് സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. പുല്യോട്, തോട്ടുമ്മൽ, കതിരൂർ ടൗൺ മുതൽ വേറ്റുമ്മൽ വരെയുള്ള ഭാഗം, കൂറ്റേരിച്ചാൽ എന്നീ പ്രദേശങ്ങളാണ് ചൊവ്വാഴ്ച മുതൽ അടച്ചുപൂട്ടുക. മെഡിക്കൽ ഷോപ്പ് ഒഴികെ മറ്റ് കടകളൊന്നും തുറക്കാൻ പാടില്ല.

വളരെ അത്യാവശ്യത്തിനല്ലാതെ ആരും പുറത്തിറങ്ങരുതെന്നും അനാവശ്യമായി പുറത്തിറങ്ങുന്നവർക്കെതിരേ കർശനനിയമ നടപടികൾ സ്വീകരിക്കുമെന്നും കതിരൂർ പോലീസ് ഇൻസ്പക്ടർ എം.അനിൽ പറഞ്ഞു. ഒരു കുടുംബത്തിൽപ്പെട്ടവരാണ് ഒമ്പത് പേരും. ഇവർ പലയിടങ്ങളിലും സഞ്ചരിച്ചതിനാൽ സമ്പർക്കപ്പട്ടിക തയ്യാറാക്കാൻ ഏറെ പ്രയാസമുണ്ടെന്നും പഞ്ചായത്ത് അധികൃതർ പറഞ്ഞു.

മയ്യഴി : അഴിയൂർ പഞ്ചായത്തിൽ ബെംഗളൂരുവിൽ നിന്നെത്തിയ കല്ലാമല സ്വദേശിയായ 23-കാരന് പോസിറ്റീവ് ആയി. വീട്ടിൽ നിരീക്ഷണത്തിൽ കഴിയുന്ന വ്യക്തി ആയതിനാൽ ആരുമായും സമ്പർക്കമില്ല. നിലവിൽ പോസിറ്റീവ് രോഗിയായ വ്യക്തിയുടെ ബന്ധുക്കളായ ആറുപേരുടെ പരിശോധനാഫലം വരാനുണ്ട്.