കൂത്തുപറമ്പ് : സമ്പൂർണ ലോക്‌ഡൗൺ കൂത്തുപറമ്പ് മേഖലയിൽ പൂർണം.

കോവിഡ് വ്യാപന സാധ്യത കണക്കിലെടുത്ത് കണ്ടെയ്‌ൻമെന്റ് സോണാക്കിയതോടെയാണ് ഞായറാഴ്ച കൂത്തുപറമ്പ് മേഖല സമ്പൂർണ ലോക്‌ഡൗണാക്കിയത്. മെഡിക്കൽ ഷോപ്പുകളൊഴിച്ച് മറ്റ് സ്ഥാപനങ്ങൾ ഒന്നും തുറന്നില്ല. നിരത്തുകളിൽ വാഹനങ്ങളും കുറവായിരുന്നു. അത്യാവശ്യകാര്യങ്ങൾക്ക് മാത്രമേ ജനങ്ങൾ പുറത്തിറങ്ങിയുള്ളൂ. ഏതാനും സ്വകാര്യ ബസുകൾ സർവീസ് നടത്തി. കൂത്തുപറമ്പ് നഗരസഭ, പാട്യം, ചിറ്റാരിപ്പറമ്പ്, കോട്ടയം പഞ്ചായത്തുകളിലാണ് സമ്പൂർണലോക്‌ഡൗണാക്കിയത്. ഈ തദ്ദേശ സ്ഥാപന പരിധികളിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ പോസിറ്റീവ് കേസുകൾ ജാഗ്രത വർധിപ്പിക്കേണ്ട സാഹചര്യമുണ്ടാക്കി. സമ്പർക്കത്തിലൂടെയുള്ള രോഗബാധിതരുടെയും എണ്ണം വർധിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം.

പഞ്ചായത്തുതല സേഫ്റ്റി കമ്മിറ്റികളാണ് നിയമന്ത്രണങ്ങൾ കർശനമാക്കാൻ തീരുമാനിച്ചത്. നാല് പഞ്ചായത്തിന്റെയും പരിധിയിൽ നടക്കുന്ന വിവാഹം ഉൾപ്പെടെയുള്ള ചടങ്ങുകൾ സംബന്ധിച്ച് മുൻകൂട്ടി അധികൃതരെ അറിയിക്കണം. വിവാഹം, മരണാനന്തരചടങ്ങുകൾ എന്നിവയിൽ നിശ്ചിത ആളുകൾ മാത്രമേ പങ്കെടുക്കാവു. പോലീസ് സംഘം മേഖലയിൽ കർശന പരിശോധനയും നടത്തി.