കൂത്തുപറമ്പ് : രാത്രികാലങ്ങളിൽ കൂത്തുപറമ്പ് ടൗണിലെത്തുന്നവർ കൈയിൽ വെളിച്ചം കരുതിയില്ലെങ്കിൽ 'പെട്ടത്' തന്നെ.

വിവിധയിടങ്ങളിൽ സ്ഥാപിച്ച തെരുവുവിളക്കുകളിൽ മിക്കതും കണ്ണടച്ചതാണ് കൂത്തുപറമ്പ് ടൗണിനെ ഇരുട്ടിലാക്കുന്നത്. സന്ധ്യയാകുന്നതോടെ അന്ധകാരത്തിലാകുകയാണ് കൂത്തുപറമ്പ് ടൗൺ.

ബസ്‌സ്റ്റാൻഡിലും ടൗണിന്റെ പ്രധാന ഭാഗങ്ങളിലും സ്ഥാപിച്ച തെരുവുവിളക്കുകളാണ് ഉപയോഗ്യശൂന്യമായിട്ടുള്ളത്. അടുത്തകാലത്തായി ബസ്‌സ്റ്റാൻഡിലുടനീളം അധികൃതർ എൽ.ഇ.ഡി. ബൾബുകൾ സ്ഥാപിച്ചിരുന്നു. എന്നാൽ അവയിൽ മിക്കവയും കണ്ണടച്ചു. കടകളിൽനിന്നുള്ള വെളിച്ചമായിരുന്നു ടൗണിലെത്തുന്നവർക്ക് ആശ്വാസമായിരുന്നത്. എന്നാൽ ലോക്ഡൗണിനെ തുടർന്ന് വൈകീട്ട് നാലുമണിയോടെ കടകൾ അടയ്ക്കുന്നതിനാൽ ടൗണിലെത്തുന്നവർ ഇരുട്ടിൽ തപ്പേണ്ട സ്ഥിതിയാണ്. ദൂരസ്ഥലങ്ങളിൽനിന്ന്‌ രാത്രികാലങ്ങളിൽ ടൗണിലെത്തിച്ചേരുന്നവരാണ് വെളിച്ചമില്ലാത്തതിന്റെ ദുരിതം അനുഭവിക്കുന്നത്.

ടൗണിൽ തെരുവുനായ്ക്കൾ തമ്പടിക്കുന്നതിനാൽ ഏറെ ഭയപ്പാടോടെയാണ് ഇവർ ടൗണിലെത്തുന്നത്. കഴിഞ്ഞ ദിവസം അഞ്ചുപേർക്ക് പേപ്പട്ടിയുടെ കടിയേറ്റത് ആശങ്ക കൂട്ടുന്നു.

മാസങ്ങൾക്ക് മുമ്പ് ലക്ഷങ്ങൾ ചെലവിട്ട് സ്ഥാപിച്ച സി.സി.ടി.വി. ക്യാമറാസംവിധാനവും തെരുവുവിളക്കുകൾ പ്രവർത്തിക്കാത്തതിനാൽ കാര്യക്ഷമമാകുന്നില്ല. ലക്ഷങ്ങൾ ചെലവഴിച്ച് സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റും നോക്കുകുത്തിയാകുകയാണ്. ഇതിന് താഴെ വിളക്കുകാലുകൾ സ്ഥാപിക്കാനുള്ള പ്രവർത്തനങ്ങൾ തുടങ്ങിയെങ്കിലും ഹൈമാസ്റ്റ് ലൈറ്റ് കണ്ണടച്ച സ്ഥിതിയിലാണ്. ടൗണിലെ കേടായ തെരുവുവിളക്കുകൾ മാറ്റിസ്ഥാപിക്കാനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.