കൂത്തുപറമ്പ് : കിണവക്കലിൽ 43 കാരിക്ക് കോവിഡ് സ്ഥിരീകരിച്ചത് ആശങ്കയാകുന്നു. ഇവരുടെ കുടുംബത്തിൽ ആർക്കും കോവിഡ് സ്ഥിരീകരിച്ചിട്ടില്ല. ഇതര സംസ്ഥാനത്തുനിന്നോ മറ്റ് രാജ്യങ്ങളിൽനിന്നോ എത്തി ക്വാറന്റീനിൽ ബന്ധുക്കളാരും കഴിയുന്നുമില്ല. ഈ സാഹചര്യത്തിൽ ഇവർക്ക് എവിടെനിന്നാണ് കോവിഡ് സമ്പർക്കം ഉണ്ടായതെന്ന് മനസ്സിലാവാതെ ആരോഗ്യവകുപ്പ് കുഴയുകയാണ്. ഇവരുടെ മകന് പനി ബാധിക്കുകയും ഇത് തനിക്ക് പകരുകയുംചെയ്തതാണെന്ന് കരുതി വിവിധ ആസ്പത്രികളിലായി ഇവർ ചികിത്സയ്ക്ക് എത്തിയിരുന്നു.

തലശ്ശേരിയിലെ സ്വകാര്യ ആസ്പത്രി, പുറക്കളത്തെ സ്വകാര്യ ക്ലിനിക്, കൂത്തുപറമ്പ് താലൂക്ക്‌ ആസ്പത്രി എന്നിവിടങ്ങളിലാണ് 10 മുതൽ 16 വരെ ചികിത്സയ്ക്ക് എത്തിയത്. പനി വിട്ടുമാറാത്തതിനാലാണ് 17-ന് കണ്ണൂരിലെ സ്വകാര്യ ആസ്പത്രിയിൽ കോവിഡ് പരിശോധന നടത്തിയത്. യുവതിയുടെ സന്ദർശനത്തെ തുടർന്ന് ആറിന് പുറക്കളത്തെ സ്വകാര്യ ക്ലിനിക്കിൽ ചികിത്സയ്ക്ക് എത്തിയവരും 12, 13 തീയതികളിൽ കൂത്തുപറമ്പ് താലൂക്ക് ആസ്പത്രിയിൽ എത്തിയവരും അതത് പഞ്ചായത്തുകളിലെ ആരോഗ്യ മേഖലയുമായി ബന്ധപ്പെടേണ്ടതാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.