കൂത്തുപറമ്പ് : നിയോജക മണ്ഡലത്തിലെ മുഴുവൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും കോവിഡ് പ്രാഥമിക പരിചരണകേന്ദ്രങ്ങൾ (ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകൾ) സ്ഥാപിക്കുമെന്ന് മന്ത്രി കെ.കെ.ശൈലജ പറഞ്ഞു. ഇതിന്റെ പ്രവർത്തനങ്ങൾ വീഡിയോ കോൺഫറൻസ് വഴി വിലയിരുത്തുകയായിരുന്നു അവർ. പ്രാരംഭപ്രവർത്തനങ്ങൾക്ക് 50,000 രൂപ വീതം ലഭ്യമാക്കും. സബ് കളക്ടർ ആസിഫ് കെ.യൂസഫ്, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. നാരായണ നായ്ക്, ഡിവൈ.എസ്.പി. മൂസ, തദ്ദേശ സ്വയംഭരണ മേധാവികൾ, ജില്ലാ പ്രോഗ്രാം മാനേജർ, മണ്ഡലത്തിലെ ജനപ്രതിനിധികൾ, കുടുംബാരോഗ്യ കേന്ദ്രങ്ങളിലെ മെഡിക്കൽ ഓഫീസർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

ധർമടം : ധർമടത്തെ കോവിഡ് പ്രാഥമിക പരിചരണകേന്ദ്രം തിങ്കളാഴ്ച പ്രവർത്തനം തുടങ്ങും. ജില്ലാ ഭരണകൂടത്തിന്റെ നിയന്ത്രണത്തിലുള്ള കേന്ദ്രം ഡയറ്റിന്റെ ഹോസ്റ്റലിലാണ് തുടങ്ങുന്നത്. 100 കിടക്കകളാണ് ഇവിടെ സജ്ജീകരിക്കുന്നത്. ഇതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ഗ്രാമപ്പഞ്ചായത്തിന്റെ നേതൃത്വത്തിലുള്ള പ്രാഥമിക പരിചരണകേന്ദ്രം ഒരാഴ്ചയ്ക്കുള്ളിൽ സജ്ജമാകുമെന്ന് പ്രസിഡൻറ് സി.പി.ബേബി സരോജം പറഞ്ഞു. പാലയാട്ടെ കണ്ണൂർ സർവകലാശാലാ നിയമപഠന കേന്ദ്രത്തിൽ തുടങ്ങുന്ന പ്രാഥമിക പരിചരണകേന്ദ്രത്തിൽ 150 പേരെ ഒരേസമയം പ്രവേശിപ്പിക്കാം. പഞ്ചായത്തിലെ രണ്ട് കോവിഡ് കെയർ സെൻററുകളിലായി ഒൻപതുപേർ നിരീക്ഷണത്തിൽ കഴിയുന്നു. 173 പേർ വീടുകളിലും നിരീക്ഷണത്തിൽ കഴിയുന്നുണ്ട്.

ചൊക്ളി : പൂണെയിൽനിന്നെത്തിയ 44-കാരന് കൂടി ശനിയാഴ്ച കോവിഡ് സ്ഥിരീകരിച്ചതോടെ ചൊക്ലി പഞ്ചായത്തിൽ രോഗികളുടെ എണ്ണം 19- ആയി. 50-പേരെ ഒരേസമയം കിടത്തി ചികിത്സിക്കാൻ കഴിയുന്ന കോവിഡ് പ്രാഥമിക പരിചരണകേന്ദ്രം ചൊക്ലിയിൽ ഒരുക്കും.

കളക്ടർ മുഖേന ഏറ്റെടുക്കുന്ന കെട്ടിടത്തിൽ അടിസ്ഥാനസൗകര്യം ഒരുക്കുന്നതിന് ജനകീയ പങ്കാളിത്തം ഉറപ്പാക്കുന്നതിന് പ്രസിഡന്റ്‌ വി.കെ.രാകേഷിന്റെ അധ്യക്ഷതയിൽ സർവകക്ഷിയോഗം ചേർന്നു. സെക്രട്ടറി കെ.സന്തോഷ് കുമാർ, മെഡിക്കൽ ഓഫീസർ ഡോ. അമൃതകല, വില്ലേജ് ഓഫീസർ കെ.ഷീബ, ചൊക്ലി പോലീസ് ഹൗസിങ് ഓഫീസർ കെ.സുഭാഷ്‌ബാബു, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കെ.പി.വിജയൻ, ടി.ഉണ്ണിക്കൃഷ്ണൻ, കെ.എം.പവിത്രൻ, പി.കെ. യൂസഫ്, പി.എം.ഷാജി എന്നിവർ സംബന്ധിച്ചു.

അഴിയൂരിൽ ആന്റിജൻ ടെസ്റ്റിൽ 100 പേർക്കും നെഗറ്റീവ്

മയ്യഴി : അഴിയൂരിൽ ഉറവിടം അറിയാത്ത കോവിഡ് രോഗിയുടെ സമ്പർക്ക പട്ടികയിലുള്ള 100 പേരുടെയും ആന്റിജൻ ടെസ്റ്റ് നെഗറ്റീവ്. കല്ലാമല സ്കൂൾ, മുക്കാളിയിലെ പള്ളി എന്നിവിടങ്ങളിൽ രോഗിയുമായി സമ്പർക്കമുണ്ടായവരെയാണ് പരിശോധിച്ചത്. നേരിട്ട് സമ്പർക്കമുള്ള ആറുപേരുടെ സ്രവം പരിശോധനക്കയച്ചു. കഴിഞ്ഞദിവസം നടത്തിയ 15 പേരുടെ പരിശോധനാഫലം ലഭിച്ചിട്ടില്ല.

അഴിയൂർ ഹയർ സെക്കൻഡറി സ്കൂളിലെ 10 മുറികളുള്ള കെട്ടിടത്തിൽ കിടത്തിച്ചികിത്സയ്ക്ക് സൗകര്യമൊരുക്കാൻ നിർദേശം നൽകും.

മാഹിയിൽ കടകൾക്ക് നിയന്ത്രണം

മയ്യഴി : കോവിഡ് സമൂഹ വ്യാപന സാധ്യത കണക്കിലെടുത്ത് മാഹിയിലും ഞായറാഴ്ചമുതൽ മദ്യശാലകൾ, ഹോട്ടലുകൾ ഉൾപ്പെടെ മുഴുവൻ വ്യാപാര സ്ഥാപനങ്ങളും രാവിലെ എട്ടുമുതൽ ഉച്ച രണ്ടുവരെ മാത്രമെ തുറന്ന്‌ പ്രവർത്തിക്കൂ.

ഹോട്ടലുകളിൽ പാർസൽ സർവീസ് വൈകീട്ട് അഞ്ചുവരെ നടത്താം. മെഡിക്കൽ ഷോപ്പുകൾക്കും പെട്രോൾ പമ്പുകൾക്കും നിയന്ത്രണം ബാധകമല്ല.

തലശ്ശേരിയിൽ നിയന്ത്രണം തുടങ്ങി

തലശ്ശേരി : നഗരസഭയിലെ വ്യാപാരസ്ഥാപനങ്ങൾ ശനിയാഴ്ച മുതൽ പ്രവർത്തനം ഉച്ചയ്ക്ക് രണ്ടുമണി വരെയാക്കി.

ഇതോടെ ഉച്ചയ്ക്ക് കടകളിൽ തിരക്കനുഭവപ്പെട്ടു. ഹോട്ടലുകൾ നാലുമണിവരെയും മരുന്നുകടകൾ അഞ്ചുമണി വരെയും പ്രവർത്തിച്ചു.

പച്ചക്കറി മാർക്കറ്റ്‌ രണ്ടുമണി വരെയും മെയിൻ റോഡിലെ മൊത്തക്കച്ചവടവും ചില്ലറ മീൻവിൽപ്പനയും 12 മണി വരെയും പ്രവർത്തിച്ചു. മൊത്ത മീൻവില്പന കേന്ദ്രം 21 വരെ പ്രവർത്തിക്കില്ല. തലായി, ഗോപാലപ്പേട്ട തുറമുഖങ്ങൾ അടച്ചിട്ടു.

ആസ്പത്രി ജീവനക്കാരുടെ പരിശോധനാഫലം നെഗറ്റീവ്

പാനൂർ : കുന്നോത്ത്പറമ്പ് പി.ആർ. കുറുപ്പ് സ്മാരക സഹകരണ ആസ്പത്രിയിലെ മെഡിക്കൽ ഓഫീസർ അടക്കമുള്ള ജീവനക്കാരുടെ കോവിഡ് പരിശോധനാഫലം നെഗറ്റീവ്.

11-ന് കോവിഡ് സ്ഥിരീകരിച്ച 70-കാരൻ ആറിന് ഡോക്ടറെ കാണാനെത്തിയിരുന്നു. തുടർന്ന് ജീവനക്കാർ വീട്ട്‌ ക്വാറൻറീനിൽ ആയിരുന്നു.

രണ്ട് കടകൾക്കെതിരേ നടപടി

മയ്യഴി : കോവിഡ് മാർഗനിർദേശങ്ങൾ ലംഘിച്ച് പ്രവർത്തിച്ച രണ്ട് അനാദിക്കടകൾക്കെതിരേ മാഹി നഗരസഭ നടപടിയെടുത്തു.

പള്ളൂർ ഗ്രാമത്തിയിലെ ഗുരുദേവിന്റെയും മാഹി ആസ്പത്രി റോഡിലെ മാഹി സ്റ്റോറിന്റെയും ലൈസൻസുകൾ റദ്ദാക്കി.

രണ്ടുപേർക്ക് കോവിഡ്

കടവത്തൂർ : തൃപ്രങ്ങോട്ടൂർ പഞ്ചായത്തിലെ കടവത്തൂരിലും പാനൂർ നഗരസഭയിലെ അണിയാരത്തും രണ്ടുപേർക്ക് കോവിഡ്.

കഴിഞ്ഞദിവസം അണിയാരത്തെ മരണവീട്ടിൽ കഴിഞ്ഞ നാലുവയസ്സുകാരിക്കാണ് വൈറസ് ബാധയുണ്ടായത്.

ഇതോടെ ഈ വീട്ടിലെത്തിയ എട്ടുപേർക്ക് കോവിഡ് സ്ഥിരീകരിച്ചു.

മരണവീട്ടിലെത്തിയ 80 പേരുടെ സ്രവപരിശോധന ഫലം നെഗറ്റീവായത് മേഖലയ്ക്ക് ആശ്വാസമായി. തൃപ്രങ്ങോട്ടൂരിലെ ഒരു അധ്യാപകനാണ് കോവിഡ് സ്ഥിരീകരിച്ചത്.

പാലം അടച്ചിടും

കടവത്തൂർ : നിയന്ത്രണങ്ങളുടെ ഭാഗമായി ജില്ലാ അതിർത്തിയായ പാനൂർ നഗരസഭയിലെ പെരിങ്ങത്തൂർ പാലം രാത്രി എട്ടുമുതൽ രാവിലെ ഏഴുവരെ പൂർണമായി അടച്ചിടുമെന്ന് ചൊക്ലി പൊലീസ് ഇൻസ്പെക്ടർ പി.സുനിൽകുമാർ അറിയിച്ചു.