കൂത്തുപറമ്പ് : കൂത്തുപറമ്പ് പോലീസ് സ്റ്റേഷൻ പരിധിയിൽ തിങ്കളാഴ്ചമുതൽ റോഡിൽ ഇറങ്ങുന്ന ഓട്ടോറിക്ഷകളുടെ എണ്ണം പകുതിയായി കുറയ്ക്കും. അക്കങ്ങളുടെ അടിസ്ഥാനത്തിൽ ഓട്ടോറിക്ഷകളെ വേർതിരിച്ചാണ് യാത്രാനുമതി നൽകുക. തിങ്കളാഴ്ച ഒറ്റയക്ക നമ്പറിൽ അവസാനിക്കുന്നവയ്ക്കാണ് അനുമതി. ചൊവ്വാഴ്ച ഇരട്ടയക്ക നമ്പറിൽ അവസാനിക്കുന്നവയ്ക്കും.

ഡ്രൈവറുടെ ക്യാബിൻ വേർതിരിച്ച ഓട്ടോറിക്ഷകൾക്ക് മാത്രമേ അനുമതി നൽകൂ. യാത്രക്കാരുടെ പേര്, വിലാസം, ഫോൺനമ്പർ എന്നിവ ഡ്രൈവർമാർ രേഖപ്പെടുത്തണമെന്ന് സി.ഐ. പി. ബിനു മോഹൻ പറഞ്ഞു.

കൂത്തുപറമ്പ് ടൗണിന് പുറമേ തൊക്കിലങ്ങാടി, പൂക്കോട്, കിണവക്കൽ, വേങ്ങാട്, അഞ്ചരക്കണ്ടി, പാലാബസാർ, അയ്യപ്പൻതോട് അടക്കമുള്ള സ്ഥലങ്ങളിലും തീരുമാനം ബാധകമാകും. കൂത്തുപറമ്പ് സ്റ്റേഷനിൽ ട്രേഡ് യൂണിയൻ പ്രതിനിധികളുടെ സാന്നിധ്യത്തിൽ നടന്ന യോഗമാണ് തീരുമാനം. കഴിഞ്ഞദിവസം മാങ്ങാട്ടിടത്തെ ഓട്ടോഡ്രൈവർക്ക് സമ്പർക്കത്തിലൂടെ കോവിഡ് ബാധിച്ചിരുന്നു. മുന്നൂറോളം പേർക്ക് ഇയാളുമായി സമ്പർക്കമുണ്ടായിട്ടുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തൽ.