കൂത്തുപറമ്പ് : സമ്പർക്കത്തിലൂടെ കോവിഡ് കണ്ടെത്തിയ സാഹചര്യത്തിൽ കൂത്തുപറമ്പ് പോലീസ് സ്റ്റേഷൻ പരിധിയിൽ കർശന നിയന്ത്രണം ഏർപ്പെടുത്തി. കൂത്തുപറമ്പ് നഗരസഭ, മാങ്ങാട്ടിടം പഞ്ചായത്ത്, വേങ്ങാട് പഞ്ചായത്തിലെ ഒന്ന് മുതൽ എട്ടുവരെയും കോട്ടയം മലബാർ പഞ്ചായത്തിലെ ഒന്ന്, രണ്ട് വാർഡുകളിലുമാണ് നിയന്ത്രണം.

ഞായറാഴ്ച കൂത്തുപറമ്പ് നഗരസഭാപരിധിയിൽ സമ്പൂർണ ലോക്ക്‌ഡൗൺ ഏർപ്പടുത്തി.

വ്യാഴാഴ്ച രാത്രിയോടെയാണ് കൂത്തുപറമ്പ് പോലീസ് സ്റ്റേഷൻ പരിധി കണ്ടയ്‌ൻമെൻറ് സോണായി ജില്ലാഭരണകൂടം പ്രഖ്യാപിച്ചത്. എന്നാൽ നഗരസഭാ അധികൃതർക്ക് ഇതുസംബന്ധിച്ച് വിവരം ലഭിച്ചിരുന്നില്ല. വെള്ളിയാഴ്ച രാവിലെ നഗരസഭാ ഓഫീസിൽ ചേർന്ന അവലോകനയോഗം കർശന നിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നു.

തലശ്ശേരി ഡിവൈ.എസ്.പി.യുടെ നിർദ്ദേശപ്രകാരം വെള്ളിയാഴ്ച ഉച്ചയോടെ നഗരത്തിലെ കടകൾ പോലീസ് അടപ്പിച്ചു. ശനിയാഴ്ചമുതൽ ആവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾക്കുമാത്രം ഉച്ചക്ക് 12 വരെ തുറന്ന് പ്രവർത്തിക്കാം.

അഗ്നിരക്ഷാ ഉദ്യോഗസ്ഥനുമായി അടുത്ത സമ്പർക്കമുണ്ടായിരുന്ന അഗ്നിരക്ഷാനിലയത്തിന് സമീപമുള്ള വ്യാപാരിയുടെയും മറ്റുള്ളവരുടെയും പരിശോധനാഫലം നെഗറ്റീവ് ആയതോടെ മൂര്യാട്‌ സ്വദേശികൾ അല്പം ആശ്വാസത്തിലാണ്.

മാങ്ങാട്ടിടം പഞ്ചായത്തിലും കടുത്ത നിയന്ത്രണം ഏർപ്പെടുത്തും. കണ്ടയ്‌ൻമെൻറ് സോണുകളായ വാർഡുകളിലെ കടകൾ മുഴുവനായി അടച്ചിടുകയും ജനങ്ങൾക്ക് സഹായത്തിനായി സന്നദ്ധ വൊളന്റിയർ സംവിധാനം ഏർപ്പെടുത്തുകയുംചെയ്തു. പഞ്ചായത്തിലെ മറ്റു പ്രദേശങ്ങളിൽ അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾക്കുമാത്രം ഉച്ചയ്ക്ക് 12 വരെ തുറക്കാം. പ്രദേശത്ത് കല്യാണമോ മറ്റു ചടങ്ങുകളോ നടക്കുന്നുണ്ടെങ്കിൽ പോലീസിനെ അറിയിക്കാനും നിർദേശം നൽകി .

കുന്നോത്തുപറമ്പിൽ കർശന നിയന്ത്രണം

പാനൂർ : കുന്നോത്തുപറമ്പ് ഗ്രാമപ്പഞ്ചായത്തിൽ കോവിഡ് വ്യാപന പ്രതിരോധ നടപടികളുടെ ഭാഗമായി കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തും.

പഴം,പച്ചക്കറി, പലചരക്ക് കടകൾ രാവിലെ എട്ടുമണി മുതൽ 12 വരെ തുറന്ന് പ്രവർത്തിക്കാം. ഒരു പ്രദേശത്ത് ഈ വിഭാഗത്തിൽ വരുന്ന ഒരു കട മാത്രമേ തുറക്കാൻ പാടുള്ളൂ.

കുന്നോത്ത് പറമ്പ് ടൗൺ, പാറാട് ടൗൺ എന്നിവിടങ്ങളിൽ മെഡിക്കൽ ഷോപ്പ് ഒഴികെയുള്ള കടകൾ തിങ്കളാഴ്ച വരെ പൂർണമായും അടച്ചിടും. അനാവശ്യ സൗഹൃദസന്ദർശനങ്ങൾക്ക് എതിരെ പോലീസ് നടപടിയെടുക്കും. മരണാനന്തര ചടങ്ങുകളിൽ ആൾക്കൂട്ടം പാടില്ല. പ്രസിഡൻറ്്‌ കരുവാങ്കണ്ടി ബാലൻ അധ്യക്ഷത വഹിച്ചു.

പാനൂർ എസ്.ഐ. കെ.വി.ഗണേഷ്, പി.ആർ.ഒ. ദേവദാസ്, കൊ ളവല്ലൂർ എസ്.ഐ. ടി.പങ്കജാക്ഷൻ, സെക്രട്ടറി വി.വി.പ്രസാദ്, പി.കെ.അനീഷ്, ടി.വി.കുഞ്ഞിക്കണ്ണൻ, ജെ.എച്ച്.ഐ. വിജയരാഘവൻ എന്നിവർ പങ്കെടുത്തു.

മൊകേരിയിൽ അഞ്ചുപേർക്കു കൂടി കോവിഡ്

പാനൂർ : മൊകേരി ഗ്രാമപ്പഞ്ചായത്തിൽ അഞ്ചുപേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ആറാം വാർഡിൽ പത്ത് ദിവസം മുമ്പ് ബെംഗളൂരുവിൽനിന്ന് ഒന്നിച്ച് വന്ന 28 മുതൽ 45 വയസ്സ് വരെ പ്രായമുള്ളവർക്കാണ് വെള്ളിയാഴ്ച കോവിഡ് പോസിറ്റീവായത്. രണ്ടുപേർ കുന്നോത്തുപറമ്പ് പഞ്ചായത്തിൽപ്പെട്ടവരാണ്.

അഞ്ചുപേരും ഒരുവീട്ടിൽ ക്വാറൻറീനിലായിരുന്നു. ഇതോടെ ഗ്രാമപ്പഞ്ചായത്തിൽ കോവിഡ് ബാധിതരുടെ എണ്ണം 19 ആയി. 155 പേർ ക്വാറൻറീനിൽ കഴിയുന്നു.

കോവിഡ് പരിശോധന നടത്തും

പാനൂർ : സമ്പർക്കംവഴി കോവിഡ് വ്യാപനം വർധിച്ചതിനെത്തുടർന്ന് പോലീസുകാരുടെയും കച്ചവടക്കാരുടെയും സ്രവം പരിശോധിക്കുന്നു. ആദ്യഘട്ടത്തിൽ പാറാട് ടൗണിലെ കച്ചവടക്കാരും കൊളവല്ലൂർ സ്റ്റേഷനിലെ പോലീസുകാരും ഉൾപ്പെടുന്ന 25 പേരുടെ പരിശോധനയാണ് നടത്തുന്നത്. തുടർന്ന് കുന്നോത്തുപറമ്പ് ടൗണിലെ കച്ചവടക്കാരുടേതും പരിശോധിക്കുമെന്ന് മെഡിക്കൽ ഓഫീസർ കെ.ടി.സൽമത്ത്‌ അറിയിച്ചു.

സമ്പർക്കത്തിലൂടെ വ്യാപന സാധ്യത -യതീഷ് ചന്ദ്ര

കൂത്തുപറമ്പ് : ജില്ലയിൽ നിലവിൽ സമ്പർക്കത്തിലൂടെ കോവിഡ് വ്യാപനം ഉണ്ടായിട്ടില്ലെന്ന് ജില്ലാ പോലീസ് മേധാവി യതീഷ് ചന്ദ്ര പറഞ്ഞു.

പക്ഷേ അത്തരമൊരു സാഹചര്യത്തിനുള്ള സാധ്യതയുണ്ട്. അതിനാലാണ് കൂത്തുപറമ്പ് ഉൾപ്പെടെ നാല് പോലീസ് സ്റ്റേഷൻ പരിധികൾ കണ്ടെയ്‌ൻമെന്റ് സോണുകളാക്കിയത്. കൂത്തുപറമ്പിലെ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനെത്തിയതായിരുന്നു അദ്ദേഹം.

മൂര്യാട് റോഡ്, അഗ്നിരക്ഷാനിലയം എന്നിവിടങ്ങളിലെ ക്രമീകരണങ്ങൾ വിലയിരുത്തി. കൂത്തുപറമ്പ് സി.ഐ. ബിനു മോഹനും ഒപ്പമുണ്ടായിരുന്നു.