കൂത്തുപറമ്പ് : സമ്പർക്കത്തിലൂടെ ഒരാൾക്ക് കോവിഡ് ബാധിച്ച സാഹചര്യത്തിൽ മാങ്ങാട്ടിടം പഞ്ചായത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കി. പഞ്ചായത്ത് ഓഫീസിൽ ജനങ്ങൾക്കുള്ള സേവനം താത്കാലികമായി നിർത്തിവെച്ചു. ഒന്ന്, രണ്ട്, 11 വാർഡുകളിലെ റോഡുകൾ പൂർണമായും അടച്ചിട്ടു.

വട്ടിപ്രം സ്വദേശിയും ഓട്ടോഡ്രൈവറുമായ 50-കാരനാണ് ബുധനാഴ്ച സമ്പർക്കത്തിലൂടെ കോവിഡ് സ്ഥിരീകരിച്ചത്. വിദേശത്തുനിന്നുമെത്തി നിരീക്ഷണത്തിൽ കഴിയുകയായിരുന്ന മൂര്യാട് സ്വദേശിയായ ബന്ധുവിനെ ഈ മാസം ഏഴിന് ഇയാൾ ഓട്ടോയിൽ ആസ്പത്രിയിൽ കൊണ്ടുപോയിരുന്നു. 10-ന് ബന്ധുവിന് കോവിഡ് സ്ഥിരീകരിച്ചതോടെ 11 മുതൽ ഇയാളെ നിരീക്ഷണത്തിലാക്കിയിരുന്നു. ഏഴുമുതൽ പത്തുവരെയുള്ള ദിവസങ്ങളിൽ ഇയാൾ പഞ്ചായത്ത് ഓഫീസിൽ ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ എത്തിയിരുന്നു. അതിനാൽ സമ്പർക്കപട്ടിക വിപുലമാണ്

മുന്നൂറോളം പേർ ഇയാളുടെ സമ്പർക്കപട്ടികയിൽ ഉള്ളതായാണ് വിവരം. ഇതിൽ ബന്ധുക്കൾ ഉൾപ്പെടെ അടുത്ത സമ്പർക്കമുണ്ടായവരുടെ സ്രവം പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്. ഇയാൾ പഞ്ചായത്ത് ഓഫീസ് സന്ദർശിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഓഫീസ് സേവനം താത്കാലികമായി നിർത്തിവെച്ചത്. സമ്പർക്കമുണ്ടായ പഞ്ചായത്തിലെ രണ്ട് ജീവനക്കാരെ നിരീക്ഷണത്തിലാക്കി. സമ്പർക്കപട്ടിക വിപുലമായതിനാലാണ് വട്ടിപ്രം, കരിയിൽ, കണ്ടേരി, മൂന്നാംപീടിക പ്രദേശങ്ങളിൽ കർശന നിയന്ത്രണം ഏർപ്പെടുത്തിയത്.

ഈ പ്രദേശങ്ങളിലെ മുഴുവൻ റോഡുകളും വ്യാപാരസ്ഥാപനങ്ങൾ ഉൾപ്പെടെയുള്ളവയും അടച്ചിട്ടു. അത്യാവശ്യകാര്യങ്ങൾക്കല്ലാതെ ഇവിടങ്ങളിലേക്ക് പ്രവേശിക്കാനോ പുറത്ത് കടക്കാനോ ആവില്ല. ഇയാൾ സഞ്ചരിച്ച മുഴുവൻ ഭാഗങ്ങളിലും പോലീസിന്റെ നേതൃത്വത്തിൽ അനൗൺസ്‌മെന്റ്‌ നടത്തുന്നുണ്ട്.

കണ്ടേരി പ്രദേശത്തേക്ക് പച്ചക്കറി വില്പനയ്ക്കെത്തിയ ഒരു വാഹനം പോലീസ് തടഞ്ഞ് കസ്റ്റഡിയിലെടുത്തു. മൂന്നാംപീടികയിൽ പൂട്ടിയിട്ട കടയ്ക്ക് മുന്നിൽനിന്ന് സാധനങ്ങൾ വില്പന നടത്തുന്നതും പോലീസ് തടഞ്ഞു. കൂത്തുപറമ്പ് സി.ഐ. ബിനു മോഹൻ, എസ്ഐ. പി. ബിജു എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് നിയന്ത്രണങ്ങൾ കർശനമാക്കിയത്. വൊളന്റിയർമാരെ ഉപയോഗപ്പെടുത്തി അവശ്യസാധനങ്ങൾ വീടുകളിലെത്തിക്കാൻ നടപടിയുണ്ടാകും.