കൂത്തുപറമ്പ് : നഗരസഭയിൽ സ്കൂളുകൾ, കോളേജുകൾ, സ്വകാര്യ ആസ്പത്രികൾ, പൊതുസ്ഥാപനങ്ങൾ എന്നിവ ഏറ്റെടുത്ത് കോവിഡ് ആദ്യഘട്ട ചികിത്സാകേന്ദ്രം ഒരുക്കുന്നു. 28 വാർഡുകളിലായി 1500 ഓളം കിടക്കകളാണ് സജ്ജീകരിക്കുന്നത്. കട്ടിൽ, കിടക്ക, തലയിണ, വിരികൾ എന്നിവയോടൊപ്പം ബക്കറ്റ്, മഗ്ഗ്, സോപ്പ്, പേസ്റ്റ് എന്നിവയും നൽകും. സന്നദ്ധ സംഘടനകളുടെയും രാഷ്ട്രീയപ്പാർട്ടികളുടെയും സഹായത്തോടെയാണ് കേന്ദ്രം തുടങ്ങുക.

ഏറ്റെടുക്കേണ്ട കെട്ടിടങ്ങളുടെ വിവരം അടുത്തദിവസം തന്നെ കളക്ടർക്ക് കൈമാറും. നഗരസഭാ പരിധിയിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം വർധിച്ചുവരുന്ന സാഹചര്യത്തിലാണ് തീരുമാനം. കോവിഡ് അവലോകന യോഗത്തിൽ ചെയർമാൻ എം.സുകുമാരൻ അധ്യക്ഷതവഹിച്ചു. ഡപ്യൂട്ടി തഹസിൽദാർ കൺവീനറും, നഗരസഭാ ചെയർമാൻ ചെയർമാനുമായി കമ്മിറ്റിയും രൂപവത്കരിച്ചു. നഗരസഭാപരിധിയിൽ നിലവിലുള്ള നിയന്ത്രണങ്ങൾ തുടരാനും തീരുമാനിച്ചു. സന്നദ്ധസംഘടനാ പ്രതിനിധികൾ, രാഷ്ട്രീയപ്പാർട്ടി ഭാരവാഹികൾ, ജനപ്രതിനിധികൾ, പോലീസ് ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.